
ന്യൂഡൽഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പങ്കെടുത്ത വിരുന്നിൽ വിളമ്പിയത് വന്യജീവി സംരക്ഷണ നിയമത്തിനു കീഴിൽ സംരക്ഷിത പട്ടികയിലുള്ള കാട്ടുകോഴിയുടെ ഇറച്ചി. സിംലയിലെ കുഫ്രിയില്‍ സംഘടിപ്പിച്ച വിരുന്നിലാണു പ്രദേശത്ത് ഏറെയുള്ള സവിശേഷമായ ഔഷധച്ചെടിയും ചോളവും ഗോതമ്പു ബ്രെഡും ഉൾപ്പെട്ട വിഭവങ്ങൾക്കൊപ്പം കാട്ടുകോഴി ഇറച്ചിയും വിളമ്പിയത്. മുഖ്യമന്ത്രി കാട്ടുകോഴിയിറച്ചി കഴിച്ചില്ലെങ്കിലും ആരോഗ്യ മന്ത്രി ഡോ. ധനിറാം ശാന്ദിലും അതിഥികളും കഴിച്ചു. വിരുന്നിന്‍റെ വിഡിയൊ ദൃശ്യങ്ങൾ ഒരു മൃഗക്ഷേമ സംഘടന പുറത്തുവിട്ടതോടെയാണു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിവാദത്തിലായത്.
ഹിമാചൽ പ്രദേശിൽ സമുദ്രനിരപ്പിൽ നിന്നു 3000 അടി ഉയരത്തിൽ മാത്രം കാണുന്ന ഇനത്തിലുള്ള കാട്ടുകോഴിയെയാണു കറിവച്ചത്. സംരക്ഷിത പട്ടികയിലുള്ള ഈ കാട്ടുകോഴിയെ വേട്ടയാടുന്നത് വന്യജീവി നിയമപ്രകാരം കുറ്റകരമാണ്. മുഖ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നു ബിജെപി സംസ്ഥാന വക്താവ് ചേതൻ ഭർത്തയും മുൻ മുഖ്യമന്ത്രി ജയ്റാം ഠാക്കുറും ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും ഇവർ.
ജനങ്ങളുടെ പരാതി പരിഹരിക്കാനെന്ന പേരിൽ സംഘടിപ്പിച്ച "ജൻ മഞ്ച്' ഉല്ലാസയത്രയായി മാറിയെന്നു ജയ്റാം ഠാക്കുർ. സംരക്ഷിത ഇനത്തില്‍പ്പെട്ട മൃഗങ്ങളെ കഴിക്കുന്നത് ജയിൽ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമായിരുന്നിട്ട് കൂടി മുഖ്യമന്ത്രി കാട്ടുകോഴി വിഭവങ്ങള്‍ മന്ത്രിമാർക്ക് രുചിയോടെ വിളമ്പുന്നുവെന്നും അദ്ദേഹം. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചില്ല. നേരത്തേ, മുഖ്യമന്ത്രിക്കു വേണ്ടി വാങ്ങിയ സമൂസകൾ കാണാതായതും അന്വേഷണം പ്രഖ്യാപിച്ചതും വിവാദമായിരുന്നു.