ഭീകരരെ കേരളത്തിൽ കാലു കുത്താൻ സമ്മതിക്കില്ലെന്ന് അമിത് ഷാ

ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് എൽഡിഎഫും യുഡിഎഫും പ്രീണനം നടത്തുന്നുവെന്നും അമിത് ഷാ ആരോപിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ആലപ്പുഴ: നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നിടത്തോളം പോപ്പുലർ ഫ്രണ്ട് പോലെയുള്ള ഭീകര സംഘങ്ങളെ കേരളത്തിന്‍റെ മണ്ണിൽ കാല് കുത്തിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ ഭീകരവാദം പ്രോത്സാഹിപ്പിച്ചത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണെന്ന് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ സമാപന റാലിയിൽ അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് എൽഡിഎഫും യുഡിഎഫും പ്രീണനം നടത്തുന്നുവെന്നും അമിത് ഷാ ആരോപിച്ചു.

നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി ചുമതലയേൽക്കും. കേരളം മുഴുവൻ നരേന്ദ്ര മോദിയോട് ഒപ്പം ചേർന്ന് മുന്നേറാൻ ഒരുങ്ങുന്നുവെന്ന് എല്ലാ സർവേകളും പറയുന്നു. കേരളത്തിലെ കർഷകരും യുവതി യുവാക്കളും നരേന്ദ്ര മോദിക്കൊപ്പം മുന്നേറാൻ മുന്നേറാൻ തയാറാണ്. ശോഭാ സുരേന്ദ്രൻ ഈ തെരെഞ്ഞെടുപ്പിൽ വിജയിക്കും, എംപിയാകും. ഇനി വരുന്നത് ബിജെപിയുടെ നാളുകളാണ്.

ഈ തെരഞ്ഞെടുപ്പ് ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ്. കാർഷിക, ഉത്പാദന, ഡിജിറ്റൽ രംഗങ്ങളിൽ ഭാരതത്തെ ഒന്നാമത് ആക്കാനുള്ള തെരഞ്ഞെടുപ്പാണ്. കേരളത്തെ ഹിംസയുടെ പാതയിൽ നിന്നും മോചിപ്പിക്കാനുള്ള തിരഞ്ഞെടുപ്പാണ്. മൂന്ന് കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കി മാറ്റാനുള്ള തെരഞ്ഞെടുപ്പാണ്.

കാപ‌ട്യത്തിന്‍റെ ആളുകളാണ് ഇന്ത്യ സഖ്യത്തിലുള്ളത്. ആ സഖ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള കമ്യൂണിസ്റ്റും കോൺ‌ഗ്രസും കേരളത്തിൽ തമ്മിലടിക്കുകയാണ്. എന്നാൽ ഡൽഹിയിൽ ഇരുവരും ഒന്നിച്ചാണ്. ‌ ഇരു കൂട്ടരും അവിടെ ഒന്നിച്ച് നിന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്.

ലോകത്ത് കമ്മ്യൂണിസം അവസാനിച്ചു, രാജ്യത്തും അവസാനിച്ചു കൊണ്ടിരിക്കുന്നു. കോൺഗ്രസ് രാജ്യത്ത് അസ്തമിക്കുകയാണ്. കേരളത്തിനും രാജ്യത്തിനും സുരക്ഷ ഒരുക്കി, വികസനം കൊണ്ടുവരാൻ മോദിക്കേ സാധിക്കൂ.

തൃശൂരിലെ കരുവന്നൂർ ബാങ്ക് കൊള്ളയടിച്ച കമ്മ്യൂണിസ്റ്റുകാർ സഹകരണ മേഖലയെ തകർത്തു. ഇഡി കരുവന്നൂരിൽ അന്വേഷണം നടത്തുകയാണ്. എല്ലാ നിക്ഷേപകർക്കും പണം മടക്കിക്കൊടുക്കും. സഹകരണ മേഖലയിലെ എല്ലാ കുഴപ്പക്കാരെയും ശിക്ഷിക്കും.

ആണവ നിലയങ്ങളെ എതിർക്കുന്ന കമ്മ്യൂണിസ്റ്റുകാർ കരിമണൽ ഖനനത്തെ പിന്തുണയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും ഓഫീസിനും എതിരെ അഴിമതി ആരോപണം വന്നപ്പോൾ കോൺഗ്രസ് ഒന്നും മിണ്ടുന്നില്ല. അഴിമതിയെ കോൺഗ്രസും കമ്യൂണിസ്റ്റും പിന്തുണക്കുന്നു- അമിത് ഷാ ആരോപിച്ചു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com