

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്
ന‍്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കണമോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്. ഗീതത്തിന്‍റെ ആദ‍്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്നാണ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. ഉന്നത പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ‍്യമങ്ങളാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്.
ജനഗണമനയും വന്ദേമാതരവും കോൺഗ്രസിന് വൈകാരികമാണെന്ന് പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ബിജെപിക്ക് ഇത് രാഷ്ട്രീയം മാത്രമാണെന്ന് കൂട്ടിച്ചേർത്തു. വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര‍്യദിനത്തിൽ കോൺഗ്രസ് ആസ്ഥാനത്തുണ്ടായത് ആശയവിനിമയത്തിലെ പ്രശ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചെങ്കിലും ഇതിനോട് വിയോജിച്ച കോൺഗ്രസ് തന്നെ പാർട്ടി ആസ്ഥാനത്ത് നടത്തിയ സ്വാതന്ത്ര‍്യദിന പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.