
ന്യൂഡൽഹി: കർണാടകയിൽ ലീഡ് നില കേവല ഭൂരിപക്ഷം കടന്നതിനു പിന്നാലെ വിജയിച്ച സ്ഥാനാർഥികളെ തമിഴ്നാട്ടിലേക്ക് മാറ്റാൻ നീക്കം തുടങ്ങിയതായി റിപ്പോർട്ടുകൾ. ഇതിനായി തമിഴ്നാട് സർക്കാരുമായി കോൺഗ്രസ് ബന്ധപ്പെട്ടതായാണ് വിവരം. ജയിക്കുന്ന സ്ഥാനാർഥികളെ വൈകിട്ടോടെ ബെംഗളൂരുവിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിതായാണ് വിവരം.
നിലവിലത്തെ സാഹചര്യത്തിൽ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. 224 സീറ്റുകളുള്ള കർണാടകയിൽ ഭരിക്കാൻ ഒരു പാർട്ടി ജയിക്കേണ്ടത് 113 സീറ്റുകളിലാണ്. അത് പിന്നിട്ടതോടെ അമിത ആത്മവിശ്വാസമാണ് കോൺഗ്രസ് ക്യാംപുകളിൽ നിന്നും പുറത്തു വരുന്നത്. എന്നാൽ കേവല ഭൂരിപക്ഷം മറികടന്നാലും വൻ ലീഡ് ലഭിക്കാനുള്ള സാധ്യത കുറവായ സാഹചര്യത്തിലാണ് ബിജെപിയുടെ ഓപ്പറേഷൻ താമര പോലുള്ള നീക്കങ്ങളുടെ വെട്ടത്തുനിന്നും മാറ്റാനുള്ള തീരുമാനം കോൺഗ്രസ് സ്വീകരിക്കുന്നത്.