

ഡൽഹിയിൽ ബിഎസ്-6 നിലവാരമില്ലാത്ത വാഹനങ്ങൾക്ക് പ്രവേശന വിലക്ക്
ന്യൂഡൽഹി: വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബിഎസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് രാജ്യതലസ്ഥാനത്ത് നവംബർ ഒന്ന് മുതൽ പ്രവേശന വിലക്ക്. 2027 ജനുവരി 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശൈത്യകാലത്ത് ദേശീയ തലസ്ഥാന മേഖലയിലെ വായുനിലവാരം മോശമാകുന്ന സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഡൽഹി സർക്കാരിന്റെ പരിസ്ഥിതി വകുപ്പ് ജൂൺ 23ന് പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിഎസ്-6 നിലവാരത്തിലുള്ള വാഹനങ്ങൾ, സിഎൻജി വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, സർക്കാർ പ്രത്യേകമായി ഇളവ് അനുവദിച്ച വാഹനങ്ങൾ എന്നിവയ്ക്ക് ഡൽഹിയിൽ പ്രവേശിക്കാം.
ബിഎസ്-6 മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാനോ സർവീസ് നടത്താനോ അനുമതിയുണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബിഎസ്-6 നിലവാരമില്ലാത്ത ഡീസൽ ബസുകൾക്കും വിലക്ക് ബാധകമാണ്. അതേസമയം ബിഎസ്-6 വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പിയുസിസി) നിർബന്ധമാണ്. സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
ഡൽഹി ലക്ഷ്യസ്ഥാനമല്ലാത്ത ചരക്ക് ലോറികളും മറ്റ് വാഹനങ്ങളും നഗരത്തിലൂടെ കടന്നുപോകുന്നതിന് പകരം ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ (ഇപിഇ), വെസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ (ഡബ്ല്യുപിഇ) തുടങ്ങിയ ബദൽ പാതകൾ ഉപയോഗിക്കണം. ട്രാക്റ്ററുകൾക്കും വിജ്ഞാപനം ബാധകമായ മേഖലകളിൽ പ്രവേശനമുണ്ടാകില്ല.