

എസ്-400 പ്രതിരോധ സംവിധാനം
ന്യൂഡല്‍ഹി: 2025 മേയ് മാസത്തില്‍ നടന്ന ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ, ഇന്ത്യ വിന്യസിച്ച എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ സ്ഥാനം കണ്ടെത്താന്‍ പാക്കിസ്ഥാന്‍ തീവ്രശ്രമങ്ങള്‍ നടത്തുകയും, ഇന്ത്യയ്ക്കുള്ളില്‍ നിയോഗിച്ചിരിക്കുന്ന ചാരന്മാരെയും രഹസ്യമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളായ 'സ്ലീപ്പര്‍ സെല്ലുകളെ'യും സജീവമാക്കുകയും ചെയ്‌തെന്ന് റിട്ട. എയര്‍ മാര്‍ഷല്‍ ജിതീന്ദ്ര മിശ്ര. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന സമയത്ത് ഇന്ത്യന്‍ വ്യോമസേനയുടെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്‍റെ ചീഫ് ആയിരുന്നു മിശ്ര. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം മിശ്ര പറഞ്ഞത്.
എസ്-400 പ്രതിരോധ സംവിധാനം കാരണം പാക്കിസ്ഥാന്‍റെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തിയുടെ 200 കിലോമീറ്റര്‍ പരിധിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ നിരാശരായ പാക്കിസ്ഥാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചു. വിദേശരാജ്യങ്ങളുടെ സാറ്റ്‌ലൈറ്റ് സഹായവും പാക്കിസ്ഥാന്‍ തേടി. സുഹൃത്തായ ചൈന, പാക്കിസ്ഥാന് തത്സമയ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുന്നുണ്ടായിരുന്നെന്നും മിശ്ര പറഞ്ഞു.
റിട്ട. എയര്‍ മാര്‍ഷല്‍ ജിതീന്ദ്ര മിശ്ര.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കാനായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത് മേയ് 7നായിരുന്നു. ജെയ്ഷ്, ലഷ്‌കര്‍ എന്നിവയുടേതുള്‍പ്പെടെ ഒമ്പത് ഭീകര ക്യാംപുകള്‍ ഇന്ത്യ തകര്‍ത്തതോടെ കാര്യങ്ങള്‍ അവിടെ അവസാനിക്കുമെന്നാണു കരുതിയത്. എന്നാല്‍ പാക്കിസ്ഥാന്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചത്. ആദംപൂര്‍ വ്യോമത്താവളം ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ ആദ്യം 14-15 ഡ്രോണുകള്‍ വിക്ഷേപിച്ചിരുന്നു. എന്നാല്‍ അവയെല്ലാം തകര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചു. പിന്നീട് മേയ് 9ന് പാക്കിസ്ഥാന്‍ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചു.
ജിപിഎസ് സംവിധാനമുള്ള ദീര്‍ഘദൂര ഡ്രോണുകളിലൊന്ന് ഇന്ത്യൻ വ്യോമസേനാ താവളത്തിലെ ആശുപത്രിയിലും അതിനോട് ചേര്‍ന്നുള്ള ഒരു സിവില്‍ ഓഫിസിലും പതിച്ചതായി മിശ്ര വെളിപ്പെടുത്തി. അതില്‍ ഒരു എയര്‍മാനെ നഷ്ടമായി. മറ്റൊരാള്‍ക്ക് കൈ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്‍റെ കൈ മുറിച്ചുമാറ്റേണ്ടിയും വന്നു. അവര്‍ മെഡിക്കല്‍ അസിസ്റ്റന്‍റുമാരായിരുന്നു.
ഗുരുദ്വാരകള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളെയും സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളെയും ലക്ഷ്യമിടാനും പാക്കിസ്ഥാന്‍ സേന ശ്രമിച്ചു. എന്നാല്‍ ഇതിനെ വെറുതെ വിടേണ്ടതില്ലെന്നും തിരിച്ചടിക്കണമെന്നും ഇന്ത്യ തീരുമാനിച്ചു. തുടര്‍ന്നു കരയിലുള്ള റഡാറുകളെയും കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുകൊണ്ട്, വ്യോമപ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും ഏകോപിപ്പിക്കാനുമുള്ള പാക്കിസ്ഥാന്‍റെ ശേഷി ഇന്ത്യന്‍ വ്യോമസേന തകര്‍ത്തു.
കരയിലധിഷ്ഠിതമായ റഡാറുകള്‍ തകര്‍ക്കപ്പെട്ടതോടെ, വ്യോമ-അധിഷ്ഠിത സംവിധാനങ്ങളെ അഥവാ എയര്‍ബോണ്‍ വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തെയാണ് (അവാക്‌സ്) പാക് സേന കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയത്.
എസ്-400 ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ ഗതിയെ തന്നെ മാറ്റിമറിച്ച പ്രതിരോധ സംവിധാനമായിരുന്നെന്നു മിശ്ര പറഞ്ഞു. ഇന്ത്യയ്ക്ക് പാക്കിസ്ഥാനിൽ എവിടെയും ആക്രമണം നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ അതിനെതിരേ ഒന്നും ചെയ്യാന്‍ പാക്കിസ്ഥാന് കഴിയുമായിരുന്നില്ല. പാക്കിസ്ഥാനിലെ നൂര്‍ ഖാന്‍, ഭോളാരി തുടങ്ങിയ നിര്‍ണായക താവളങ്ങള്‍ ഉള്‍പ്പെടെ 11 സൈനിക കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതോടെ, പാക് സേന അപകടം മണുത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഇന്ത്യയുമായി വെടിനിര്‍ത്തലിനായി പാക്കിസ്ഥാന്‍ ശ്രമം തുടങ്ങി. അതോടെ മൂന്ന് ദിവസം സംഘര്‍ഷത്തിന് വിരാമമായി. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ വനിതാ പൈലറ്റുമാര്‍ നിര്‍ണായക പങ്കാണ് വഹിച്ചതെന്നും മിശ്ര പറഞ്ഞു.
ഇന്ത്യയുടെ 'സുദര്‍ശന ചക്രം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എസ്-400, രാജ്യത്തിന്‍റെ വ്യോമ പ്രതിരോധ സംവിധാനത്തിലെ നിര്‍ണായക മിസൈല്‍ സംവിധാനമാണ്. ഇത് ഉപരിതല-വായു മിസൈല്‍ സംവിധാനമാണ്. അത്യാധുനിക റഡാര്‍, ശത്രു മിസൈലുകളെ തടയാനും നശിപ്പിക്കാനുമുള്ള ശേഷി എസ്-400നുണ്ട്. ദൂരെയുള്ള വ്യോമ ഭീഷണികളെ കണ്ടെത്താനും അവയെ വെടിവച്ചിടാനും സാധിക്കും. 2018-ല്‍ അഞ്ച് എസ്-400 സംവിധാനങ്ങള്‍ക്കായി ഇന്ത്യയും റഷ്യയും തമ്മില്‍ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതില്‍ മൂന്നെണ്ണം റഷ്യ ഇതിനകം കൈമാറുകയും ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുകയും ചെയ്തു. നാലാമത്തെ സ്‌ക്വാഡ്രണ്‍ ഈ വര്‍ഷം ജൂണില്‍ ലഭിച്ചു.