ലഖ്നൗ: ഉത്തർ പ്രദേശിൽ ചെന്നായകളഉടെ ആക്രമണത്തിൽ 6 കുട്ടികളടക്കം 7 പേർ മരിക്കുകയും 26 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ത്യ-നേപ്പാൾ അതിർത്തി ജില്ലയായ ബഹ്റൈച്ചിലെ മഹാസി ബ്ലോക്കിലെ ഗ്രാമങ്ങളിലാണ് ചെന്നായ്ക്കളുടെ ആക്രമണമുണ്ടായത്.
6 കുട്ടികളുടെ മരണം ചെന്നായ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒരു സ്ത്രീയുടെ മരണ കാരണം കൂടി സ്ഥിരീകരിക്കേണ്ടതുണ്ട്. ചെന്നായകളെ പിടികൂടാനായി വനംവകുപ്പ് ഒമ്പതംഗ സംഘത്തെ നിയോഗിച്ചു.
ഇതുവരെ മൂന്ന് ചെന്നായകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി ലഖ്‌നൗ മൃഗശാലയിലേക്ക് മാറ്റി. തെർമൽ ഡ്രോണുകൾ ഉൾപ്പെടെ വിവിധ സാങ്കേതിക വിദ്യകളുപയോഗിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മേഖലയിൽ ആറ് ക്യാമറകൾ സ്ഥാപിക്കുകയും നാല് കെണികൾ സ്ഥാപിക്കുകയും ചെയ്തതായും ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.