
വിവാഹബന്ധം വേർപ്പെടുത്താൻ 12 കോടി രൂപ ചോദിച്ച് യുവതി; സ്വയം സമ്പാദിച്ചു കൂടേയെന്ന് കോടതി
ന്യൂഡല്‍ഹി: വിവാഹമോചനക്കേസിൽ വൻതുകയും വീടും ആഡംബരക്കാറും നഷ്ടപരിഹാരം ചോദിച്ച യുവതിയോട് സ്വന്തം നിലയ്ക്കു സമ്പാദിച്ചു കൂടേയെന്നു സുപ്രീം കോടതിയുടെ മറുചോദ്യം. ഫ്ലാറ്റോ നാലു കോടിയോ കൊണ്ട് തൃപ്തിപ്പെടാൻ നിർദേശിച്ച കോടതി കേസ് വിധിപറയാൻ മാറ്റി. ഐടിയിൽ ഉന്നത ബിരുദവും എംബിഎയുമുള്ള യുവതി 18 മാസം നീണ്ട വിവാഹബന്ധം വേർപെടുത്തുന്നതിന് 12 കോടി രൂപയും മുംബൈയിൽ വസതിയും ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ ഇടപെടൽ. വിദ്യാസമ്പന്നയായ യുവതിയോടെ ജോലി ചെയ്തു ജീവിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്നാല്‍, ബാങ്ക് മാനെജരും സ്വന്തമായി ബിസിനസുമുള്ള ഭര്‍ത്താവ് അതിധനികനാണെന്നായിരുന്നു യുവതിയുടെ മറുപടി. വിവാഹ മോചനത്തിനു താത്പര്യപ്പെട്ടത് ഭർത്താവാണ്. ഞാൻ സ്‌കീസോഫ്രീനിയ ബാധിതയാണെന്ന് ഭർത്താവ് ആരോപിക്കുന്നു. എനിക്കു കുഞ്ഞ് വേണമെന്നുണ്ട്. അതിനും അദ്ദേഹം തയാറല്ല- യുവതി പറഞ്ഞു.
ഭര്‍ത്താവിന്‍റെ പിതാവിന്‍റെ സ്വത്തിന്മേല്‍ അവകാശവാദം ഉന്നയിക്കരുതെന്ന് കോടതി യുവതിയെ ഓര്‍മിപ്പിച്ചു. യുവതി സ്വന്തമായാണ് വാദിച്ചത്.