റെയിൽപ്പാളത്തിലൂടെ കാറോടിച്ച് യുവതി; 15 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു|Video

റെയിൽവേ പാളത്തിലൂടെ ഏകദേശം 7 കിലോമീറ്ററോളം ഇവർ സഞ്ചരിച്ചു.

രംഗറെഡ്ഡി: തെലങ്കാനയിൽ റെയിൽവേ പാളത്തിലൂടെ കാറോടിച്ച് ആശങ്ക സൃഷ്ടിച്ച് 34 വയസുകാരി. അപകടം ഒഴിവാക്കാൻ 15 ട്രെയിനുകൾ വഴി തിരിച്ചു വിട്ടുവെന്നു റെയിൽവേ വ്യക്തമാക്കുന്നു.

ശങ്കരപ്പള്ളിക്കു സമീപത്തുള്ള റെയിൽവേ പാളത്തിലൂടെയാണ് ഉത്തർപ്രദേശ് സ്വദേശിനി കാർ ഓടിച്ചത്. കിയ സോണറ്റ് കാറുമായി പാളത്തിലൂടെ സഞ്ചരിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.

നാട്ടുകാരും റെയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ബലം പ്രയോഗിച്ചാണ് കാർ തടഞ്ഞ് സ്ത്രീയെ കാറിൽ നിന്ന് പുറത്തിറക്കിയത്. നാട്ടുകാരെ ഇവർ നഞ്ചക്ക് കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. റെയിൽവേ പാളത്തിലൂടെ ഏകദേശം 7 കിലോമീറ്ററോളം ഇവർ സഞ്ചരിച്ചു.

മുഖം മറച്ച് യാത്ര ചെയ്തിരുന്ന സ്ത്രീയെ കാറിന്‍റെ ചില്ല് തകർത്താണ് പുറത്തിറക്കിയത്. പാളത്തിൽ നിന്ന് നീങ്ങാൻ തയാറാകാതെ ബലം പിടിച്ച യുവതിയെ നാട്ടുകാർ ചേർന്ന് എടുത്ത് മാറ്റുകയായിരുന്നു. സ്ത്രീ മാനസിക പ്രശ്നം നേരിടുന്ന വ്യക്തിയാണോ എന്ന് സംശയിക്കുന്നതായി റെയിൽ‌വേ പൊലീസ് എസ്പി ചന്ദന ദീപ്തി പറയുന്നു.

പ്രാഥമികാന്വേഷണത്തിൽ മൾട്ടിനാഷണൽ കമ്പനിയിലെ ഉദ്യോഗസ്ഥയാണ് യുവതിയെന്നു കണ്ടെത്തിയിട്ടുണ്ട്. കാറിൽ നിന്ന് ഇവരുടെ ലൈസൻസും പാൻ കാർഡും പിടിച്ചെടുത്തു. അന്വേഷണം തുടരുകയാണ്. അപകടം ഒഴിവാക്കാൻ ബംഗളൂരു ഹൈദരാബാദ് ട്രെയിൻ ഉൾപ്പെടെയുള്ള സർവീസുകളാണ് വഴിതിരിച്ചുവിട്ടത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com