ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ഓട്ടോയിൽ വച്ച് 4 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി; കുഞ്ഞുങ്ങൾക്കെല്ലാം ദാരുണാന്ത്യം

ആംബുലൻസ് ലഭ്യമായില്ലെന്ന് യുവതിയുടെ കുടുംബത്തിന്‍റെ ആരോപണം
Young woman gives birth to four babies in an auto-rickshaw

ഓട്ടോയിൽ വച്ച് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി

Updated on

ഭോപ്പാൽ: പ്രസവവേദനയെടുത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ഓട്ടോറിക്ഷയിൽ വച്ച് നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് നാലു കുഞ്ഞുങ്ങളും മരിച്ചു. യുവതി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ മാണ്ട്ല സിറ്റിയിലാണ് സംഭവം.

നൈഗാന ഗ്രാമസ്വദേശിയായ രജിനി സിന്ദ്രം (28) എന്ന യുവതിക്കാണ് ഈ ദാരുണ അനുഭവം നേരിടേണ്ടി വന്നത്. പ്രസവവേദന കഠിനമായതോടെ രജിനിയെ ആശുപത്രിയിൽ എത്തിക്കാൻ യുവതിയുടെ കുടുംബം 108 ആംബുലൻസ് സർവീസിനെ ബന്ധപ്പെട്ടു. എന്നാൽ ആംബുലൻസ് എത്തിയില്ല. തുടർന്ന് മറ്റൊരു മാർഗവുമില്ലാതെ വന്നതോടെ ആശാ വർക്കറുടെ സഹായത്തോടെ യുവതിയെ ഓട്ടോയിൽ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

എന്നാൽ യുവതിക്ക് പ്രാഥമിക പരിചരണം നൽകിയ ശേഷം പ്രസവത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌റ്റർ നിർദ്ദേശിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് പോകവേ ഓട്ടോയിൽ വച്ച് തന്നെ യുവതി ഒന്നിനു പുറകെ മറ്റൊന്നായി നാലു കുഞ്ഞുങ്ങളെ പ്രസവിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയശേഷം ഡോക്റ്റർമാർ നടത്തിയ പരിശോധനയിൽ കുഞ്ഞുങ്ങൾ നാലു പേരും മരിച്ചതായി സ്ഥിരീകരിച്ചു. ആശുപത്രിയിൽ അടിയന്തര വൈദ്യസഹായം ലഭിച്ചതിനെ തുടർന്ന് യുവതിയുടെ നില തൃപ്തികരമാണ്.

യുവതി ഏഴു മാസം ഗർഭിണിയായിരുന്നെന്നും കുഞ്ഞുങ്ങൾ പൂർണവളർച്ച എത്തിയിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആംബുലൻസ് വൈകിയതു കാരണമാണ് ഭാര്യയെ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവേണ്ടി വന്നതെന്ന് രജിനിയുടെ ഭർത്താവ് ധനേഷ് സിന്ദ്രം ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com