രേവണ്ണയുടെ ഭാര്യ ഭവാനിയും ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം

ഭവാനി വീട്ടിൽ ഇല്ലെന്ന് വ്യക്തമായതോടെ ബംഗളൂരു, മാണ്ഡ്യ, രാമനഗര തുടങ്ങിയ സ്ഥലങ്ങളിൽ സംഘം തെരച്ചിൽ നടത്തി.
ഭവാനി രേവണ്ണ
ഭവാനി രേവണ്ണ
Updated on

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ പ്രജ്വൽ രേവണ്ണയുടെ അമ്മയും ഹസൻ‌ എംഎൽഎ എച്ച് ഡി രേവണ്ണയുടെ ഭാര്യയുമായ ഭവാനി രേവണ്ണയെ തെരഞ്ഞ് പ്രത്യേക അന്വേഷണ സംഘം. തട്ടിക്കൊണ്ടു പോകൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ജൂൺ 1ന് വീട്ടിൽ ഉണ്ടായിരിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം ഭവാനിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സംഘം എത്തും മുൻപേ ഭവാനി വീട്ടിൽ നിന്ന് രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വക്കീൽ മുഖേന ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് ഭവാനി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഹസൻ ജില്ലയിലെ ചെന്നാമ്പിക നിലയ എന്ന വസതിയിലാണ് പ്രത്യേക അന്വേഷണ സംഘം എത്തിയത്.

ഭവാനി വീട്ടിൽ ഇല്ലെന്ന് വ്യക്തമായതോടെ ബംഗളൂരു, മാണ്ഡ്യ, രാമനഗര തുടങ്ങിയ സ്ഥലങ്ങളിൽ സംഘം തെരച്ചിൽ നടത്തി. ഭവാനിയുടെ ബന്ധുക്കളുടെ വീട്ടിലും സംഘം പരിശോധന നടത്തി. ഭവാനിയെ കണ്ടെത്തുന്നതിനു വേണ്ടി പ്രത്യേക അന്വേഷണ സംഘം നിരവധി ടീമുകൾ സജ്ജീകരിച്ചിട്ടുണ്ട്.

പ്രജ്വൽ രേവണ്ണയ്ക്കെതിരേ നിരവധി സ്ത്രീകൾ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതോടെയാണ് രേവണ്ണയുടെ കുടുംബം അപ്പാടെ പ്രതിസന്ധിയിലായിരിക്കുന്നത്. പ്രജ്വലിനെതിരേ ആരോപണം ഉന്നയിച്ച സ്ത്രീയെ തട്ടിക്കൊണ്ടു പോയ കേസിലാണ് രേവണ്ണയും ഭവാനിയും ഉൾപ്പെടെ ഏഴു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com