
മകന് ന്യൂറോ ഡിസോർഡർ; 11കാരനുമായി അമ്മ ബാൽക്കണിയിൽ നിന്ന് ചാടി മരിച്ചു
നോയിഡ: ന്യൂറോ ഡെവലപ്മെന്‍റൽ ഡിസോർഡർ ബാധിച്ച മകനുമായി ബാൽക്കണിയിൽ നിന്ന് ചാടി അമ്മ. ഇരുവരും മരിച്ചു. ഗ്രേറ്റർ നോയിഡയിൽ ശനിയാഴ്ചയാണ് സംഭവം. 11 വയസുള്ള മകനും 37 വയസുള്ള അമ്മയുമാണ് മരിച്ചത്. മകന്‍റെ അസുഖക്കാര്യത്തിൽ അമ്മ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. കുട്ടിയുടെ പിതാവ് ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. ഇയാൾ മറ്റൊരു മുറിയിലായിരുന്ന സമയത്താണ് പതിമൂന്നാം നിലയിലുള്ള ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്ന് മകനുമായി അമ്മ താഴേക്ക് ചാടിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും മറ്റാർക്കും ശല്യമാകാതെ ഈ ലോകത്ത് നിന്നു പോകുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. നിങ്ങളുടെ ജീവിതം ഞങ്ങളായി നശിപ്പിക്കുന്നില്ലെന്നും ഭർത്താവിനുള്ള കുറിപ്പിൽ സ്ത്രീ കുറിച്ചിട്ടുണ്ട്.
കുറിപ്പിലെ കൈയക്ഷരം മരിച്ച സ്ത്രീയുടേത് തന്നെയാണെന്ന് ഉറപ്പിക്കാൻ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും. ദീർഘകാലമായി മരുന്നും ചികിത്സയുമായി കഴിയുന്നതിനാൽ കുട്ടിയെ സ്കൂളിൽ അയച്ചിരുന്നില്ലെന്ന് അയൽക്കാർ പറയുന്നു.