"സ്ത്രീധനമായി ബൈക്കും പണവുമില്ലേ?? എന്നാൽ വൃക്ക തരൂ..!!" വധുവിനു ഭീഷണിയുമായി അമ്മായിയമ്മ

ഭർത്താവ് അടക്കം കുടുംബത്തിലെ 4 പേർക്കെതിരേ കേസ്
women asked to donate kidney as dowry bihar

"സ്ത്രീധനമായി ബൈക്കും പണവുമില്ലേ ?? എന്നാൽ വൃക്ക തരൂ..!!" വധുവിനു ഭീഷണിയുമായി അമ്മായിയമ്മ

Updated on

പറ്റ്ന: സ്ത്രീധനമായി ബൈക്കും പണവും ആഭരണങ്ങളും ലഭിക്കാത്തതിനാൽ യുവതിയുടെ വൃക്ക ആവശ്യപ്പെട്ട് ഭർതൃമാതാവ്. ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ ദീപ്തിയെന്ന യുവതിയുടേതാണ് പരാതി. ഭർതൃവീട്ടുകാർ രോഗിയായ മകന് വൃക്ക നൽകണമെന്നാവശ്യപ്പെട്ട് പീഡിപ്പിക്കുകയാണെന്നും ഗുരുതര ആരോഗ്യ തകരാറുകൾ യുവാവിനുണ്ടെന്ന വിവരം മറച്ചുവച്ചായിരുന്നു യുവതിയുമായി വിവാഹം നടത്തിയതെന്നുമാണ് പരാതിയിൽ പറയുന്നത്.

2021ലാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് യുവതി പറയുന്നു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഭർതൃവീട്ടുകാർ സ്നേഹത്തോടെയാണ് പെരുമാറിയത്. പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങി. വീട്ടിൽ നിന്ന് ബൈക്കും പണവും ആഭരണങ്ങളും കൊണ്ടുവരാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട പണം നൽകാൻ ദീപ്തിയുടെ വീട്ടുകാർക്ക് സാധിക്കാതെ വന്നപ്പോൾ വൃക്ക നൽകണമെന്ന ആവശ്യം വീട്ടുകാർ ഉയർത്തുകയായിരുന്നു.

ഇതിനു പിന്നാലെ രണ്ടു വർഷത്തിനു ശേഷമാണ് ഭർത്താവ് രോഗിയാണെന്ന കാര്യം മനസിലാക്കുന്നതെന്ന് യുവതി പറയുന്നു.

"തുടക്കത്തിൽ വൃക്ക വേണമെന്ന അവരുടെ ആവശ്യം ഞാന്‍ കാര്യമാക്കി എടുത്തിരുന്നില്ല. എന്നാൽ, പിന്നീട് ഇത് ഭീഷണിയിലേക്കും കൈയേറ്റത്തിലേക്കുമെത്തി. വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കൈയേറ്റം പതിവായതോടെ വിവാഹ മോചനം ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് തയാറായില്ല. ഇതോടെയാണ് ജില്ലാ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്" - ദീപ്തി പറഞ്ഞു.

യുവതിയുടെ പരാതിയിൽ ഭർത്താവ് അടക്കം കുടുംബത്തിലെ 4 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും കേസിൽ അന്വേഷണം നടക്കുകയാണെന്നും മുസാഫർപൂർ റൂറൽ എസ്പി വിദ്യാസാഗർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com