ഒരു ലക്ഷം കിട്ടണം; ഗ്യാരണ്ടി കാർഡുമായി സ്ത്രീകൾ കോൺഗ്രസ് ഓഫിസിൽ

ഒരു ലക്ഷം കിട്ടണം; ഗ്യാരണ്ടി കാർഡുമായി സ്ത്രീകൾ കോൺഗ്രസ് ഓഫിസിൽ

യുപിയിലെ എൺപതു സീറ്റുകളിൽ 43ഉം നേടി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉൾപ്പെട്ട സഖ്യം മുന്നിലെത്തിയിരുന്നു

ലക്നൗ: പാർട്ടി നൽകിയ "ഗ്യാരണ്ടി കാർഡു'മായി ഒരു ലക്ഷം രൂപയും തൊഴിലും ആവശ്യപ്പെട്ട് മുസ്‌ലിം സ്ത്രീകൾ കോൺഗ്രസ് ഓഫിസിൽ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ ഉത്തർപ്രദേശിലെ കോൺഗ്രസ് ആസ്ഥാനത്താണു കൗതുകകരമായ സംഭവങ്ങൾ അരങ്ങേറിയത്. യുപിയിലെ എൺപതു സീറ്റുകളിൽ 43ഉം നേടി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉൾപ്പെട്ട സഖ്യം മുന്നിലെത്തിയിരുന്നു.

ഗൃഹനാഥയ്ക്കു പ്രതിമാസം 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിക്കു സമാനമായി വർഷം ഒരു ലക്ഷം രൂപ നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് പ്രചാരണത്തിനിടെ കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി പാർട്ടി പ്രവർത്തകർ നൽകിയ ഗ്യാരണ്ടി കാർഡുമായാണു തങ്ങളെത്തിയതെന്ന് സ്ത്രീകൾ പറഞ്ഞു.

പോളിങ് ബൂത്തിന്‍റെ നമ്പർ കൂടി വേണമെന്നാണു കോൺഗ്രസ് ഓഫിസിലെ ജീവനക്കാർ തന്നോടു പറഞ്ഞതെന്ന് ഗ്യാരണ്ടി കാർഡുമായെത്തിയ വീട്ടമ്മ തസ്‌ലീം പറഞ്ഞു. അതേസമയം, തനിക്ക് അപേക്ഷാ ഫോറം നൽകിയില്ലെന്നും അതിനായി ഓഫിസിനു പുറത്ത് കാത്തു നിൽക്കുകയാണെന്നും മറ്റൊരു സ്ത്രീ പറഞ്ഞു. കഴിഞ്ഞ ഒന്നിന് ബംഗളൂരുവിലെ ഹെഡ് പോസ്റ്റ് ഓഫിസിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ ഇന്ത്യ പോസ്റ്റ് പെയ്മെന്‍റ് ബാങ്ക് അക്കൗണ്ട് തുറക്കാനെത്തിയത് വാർത്തയായിരുന്നു. കോൺഗ്രസ് സർക്കാർ നൽകുന്ന ലക്ഷം രൂപ പോസ്റ്റ് ഓഫിസ് അക്കൗണ്ട് വഴിയാണു ലഭിക്കുന്നതെന്നും അതിനായാണ് ഇവിടെയെത്തിയതെന്നുമായിരുന്നു അവരുടെ വിശദീകരണം.