''പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത്'': മത ബാനർജിയുടെ വാദം ആവർത്തിച്ച് തൃണമൂൽ എംപി

മമതയുടെ വാദം തളളി പെൺകുട്ടിയുടെ അച്ഛൻ രംഗത്തെത്തി
women shouldnt go out at night police cant patrol everywhere tmc leader on durgapur rape case

തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ്

Updated on

കോൽക്കത്ത: പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വാദം ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ്. വിദ്യാർഥിനികൾ രാത്രി കോളെജിനു പുറത്തിറങ്ങരുത്. പൊലീസിന് എല്ലായിടത്തും പട്രോളിങ് നടത്താനാവില്ല. എന്തെങ്കിലും സംഭവിച്ചശേഷമേ അവർക്കു നടപടിയെടുക്കാൻ കഴിയൂ. അതുകൊണ്ട് സ്ത്രീകൾ സ്വയം ജാഗ്രത പുലർത്തണമെന്നു സൗഗത റോയ്.

മമതയുടെ പരാമർശം പരക്കെ വിമർശിക്കപ്പെട്ടതിനു പിന്നാലെയാണ് ഇതേവാദം മുതിർന്ന നേതാവ് ആവർത്തിച്ചത്. എന്നാൽ, തന്‍റെ വാക്കുകൾ മനഃപൂർവം വളച്ചൊടിച്ചുവെന്നാണു മമതയുടെ വിശദീകരണം. ദുർഗാപുരിൽ മെഡിക്കൽ കോളെജ് വിദ്യാർഥിനിയായ ഇരുപത്തിമൂന്നുകാരി ബലാത്സംഗത്തിനിരയായതിനെത്തുടർന്നു സർക്കാർ കടുത്ത വിമർശനം നേരിടുമ്പോഴായിരുന്നു പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങാന്‍ പാടില്ലെന്നു മമത പറഞ്ഞത്. രാത്രി 12.30ന് പെണ്‍കുട്ടി എങ്ങനെ പുറത്ത് കടന്നു. ആ സമയം ആരാണ് പെൺകുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചത്. വിദ്യാര്‍ഥികള്‍ രാത്രി പുറത്തിറങ്ങുന്ന സംസ്‌കാരം കോളെജുകള്‍ നിയന്ത്രിക്കണമെന്നും പെണ്‍കുട്ടികള്‍ സ്വയം സുരക്ഷ ഉറപ്പ് വരുത്തണമെന്നും മമത ബാനര്‍ജി പറഞ്ഞു.

എന്നാൽ, മമതയുടെ വാദം തളളി പെൺകുട്ടിയുടെ അച്ഛൻ രംഗത്തെത്തി. മകൾ രാത്രി എട്ടിനാണു പീഡിപ്പിക്കപ്പെട്ടതെന്നു പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമെന്ന് അച്ഛൻ വെളിപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐക്യു സിറ്റി മെഡിക്കൽ കോളെജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്.സുഹൃത്തിനൊപ്പം പുറത്തുപോയി തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ കോളെജ് ഗേറ്റിന് സമീപത്തു തടഞ്ഞു നിർത്തിയശേഷം കോളെജിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണു കേസ്. കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com