വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം: ബുധനാഴ്‌ച പാര്‍ലമെന്‍റിൽ അവതരിപ്പിക്കും

പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ- പ്രാദേശിക പാർട്ടികൾ രം​ഗത്തെത്തിയിരുന്നു
womens reservation bill
womens reservation bill

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭാ യോഗം. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കു മൂന്നിലൊന്നു (33 ശതമാനം) സംവരണം ഉറപ്പാക്കുന്നതാണു ബില്‍. ബിൽ ബുധനാഴ്ച്ച പാര്‍ലമെന്‍റിൽ അവതരിപ്പിക്കും. 2010 മാര്‍ച്ചില്‍ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു. പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ- പ്രാദേശിക പാർട്ടികൾ രം​ഗത്തെത്തിയിരുന്നു.

34 പാർട്ടികൾ പങ്കെടുത്ത സർവകക്ഷി യോഗത്തിൽ പ്രധാന ആവശ്യമായി ഉയർന്നത് വനിതാ സംവരണ ബില്ല് തന്നെയായിരുന്നു. പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മഹിളാ മോർച്ച ദേശീയ അധ്യക്ഷയടക്കം വനിതാ സംവരണ ബിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി, ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. അതിനാല്‍ വനിതാ സംവരണ ബില്‍ അടക്കമുള്ള കാര്യങ്ങളിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വനിതാ സംവരണം, വനിതാ സംവരണത്തിനുള്ളിലെ ഒബിസി സംവരണം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റല്‍ തുടങ്ങിയ പല വിഷയങ്ങളും മന്ത്രിസഭാ യോഗത്തില്‍ പരിഗണിച്ചേക്കും എന്നായിരുന്നു വിവരം. തിങ്കളാഴ്ച പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന ദിനമായിരുന്നു. പുതിയ മന്ദിരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ന് ലോക്സഭ സമ്മേളിക്കും

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com