2023ലെ വനിത സംവരണം പ്രാബല്യത്തിൽ; വിമർശനവുമായി കോൺഗ്രസ്

സര്‍ക്കാരിന്‍റെ നീക്കം പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാ ക്കാൻ
Women's reservation comes into effect in 2023

2023ലെ വനിത സംവരണം പ്രാബല്യത്തിൽ

Updated on

ന്യൂഡല്‍ഹി: 2023-ല്‍ പാര്‍ലമെന്‍റ് പാസാക്കിയ വനിത സംവരണ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ പാര്‍ലമെന്‍റിൽ അവതരിപ്പിച്ചിരിക്കെയാണ് വിചിത്ര നടപടി. 2023ല്‍ പാസാക്കിയ ബില്‍ രാഷ്ട്രപതി നേരത്തെ ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എങ്കിലും, അത് നടപ്പിലാക്കുന്ന തീയതി പിന്നീടെന്നായിരുന്നു അറിയിച്ചിരുന്നത്. സര്‍ക്കാരിന്‍റെ നീക്കം പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കാനാണെന്നാണ് വിലയിരുത്തുന്നത്.

കേന്ദ്രത്തിന്‍റെ നീക്കം വിചിത്രമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വ്യാഴാഴ്ച രാത്രിയാണ് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. നിയമത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലമെന്‍റിൽ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വിജ്ഞാപനം. തികച്ചും വിചിത്രമായ നടപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

വെള്ളിയാഴ്ച പ്രതിപക്ഷ അംഗങ്ങളുടെ യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ബില്ലിന്‍മേലുള്ള വോട്ടെടുപ്പില്‍ നിലപാട് തിരുമാനിക്കാനാണ് യോഗം. നിയമം പ്രാബല്യത്തില്‍ വന്നുവെങ്കിലും ഇത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് ചില സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിയമം പൂര്‍ണ്ണതോതില്‍ നടപ്പിലാക്കണമെങ്കില്‍ ആദ്യം രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ മാത്രമേ വനിത സംവരണം പ്രായോഗികമാക്കാന്‍ സാധിക്കൂ. ഈ പ്രായോഗിക പരിമിതികള്‍ മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്.

കോണ്‍ഗ്രസ്, സമാജവാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ തുടങ്ങിയ പ്രധാന പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്‍റിൽ‌ ബില്ല് പാസാക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് 2023ലെ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com