പുതിയ കശ്മീർ: പൂർത്തിയായത് രണ്ട് എൻജിനീയറിങ് അദ്ഭുതങ്ങൾ | Video
പ്രത്യേക ലേഖകൻ
കത്രയ്ക്കും ശ്രീനഗറിനുമിടയിൽ അതിവേഗ സഞ്ചാരത്തിനൊരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് യാത്രാ സമയം കുറയ്ക്കുകയും ജമ്മു കശ്മീർ ജനതയ്ക്കായി സർക്കാർ ഒരുക്കുന്ന ജീവിത സൗകര്യങ്ങളിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. കേവലമൊരു പുതിയ ട്രെയ്‌ൻ സർവീസ് എന്നതിലുപരിയായ വികസനമാണിത്. 11 വർഷ കാലയളവിൽ ഈ മേഖലയിലെ റെയ്‌ൽവേ ശൃംഖല എത്രത്തോളം വികസിച്ചു എന്നതിന്‍റെ പ്രതീകമാണ് ഈ വന്ദേ ഭാരത് എക്സ്പ്രസ്.
ഈ വികസന കുതിപ്പിന് മുദ്ര ചാർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ജമ്മു കശ്മീർ സന്ദർശിക്കും. പുതിയ വന്ദേ ഭാരത് ട്രെയ്‌നുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന അദ്ദേഹം 2 എൻജിനീയറിങ് അത്ഭുതങ്ങളും ഉദ്ഘാടനം ചെയ്യും: ചെനാബിന് മുകളിലുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയ്‌ൽവേ മേൽപ്പാലം, അഞ്ജിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയ്‌ൽ പാലം എന്നിവ.
ജമ്മു കശ്മീരിന്‍റെ റെയ്‌ൽ ഭൂപടം സൂക്ഷ്മതയോടെയും ലക്ഷ്യബോധത്തോടെയും സർക്കാർ പുനർനിർമിച്ചു. ഒരുകാലത്ത് വിദൂര സ്വപ്നങ്ങളായി കരുതപ്പെട്ടിരുന്ന പദ്ധതികൾ ജീവിതങ്ങളെയും ഉപജീവന മാർഗങ്ങളെയും വ്യത്യസ്ത ഭൂപ്രകൃതികളെയും ബന്ധിപ്പിക്കുന്ന പ്രവർത്തനക്ഷമമായ കണ്ണികളായിരിക്കുന്നു. സമ്പൂർണ വൈദ്യുതീകരണം, സമർപ്പിത റെയ്‌ൽവേ ഡിവിഷൻ, സ്റ്റേഷൻ നവീകരണം എന്നിവയിലൂടെ ഈ മേഖല ഇപ്പോൾ അതിദ്രുതവും ശുചിത്വപൂർണവും സർവാശ്ലേഷിയുമായ വളർച്ചയുടെ പാതയിലാണ്.
ചെനാബ് റെയ്‌ൽ പാലം
നദീതടത്തിൽ നിന്ന് 359 മീറ്റർ ഉയരത്തിലുള്ള ചെനാബ് റെയ്‌ൽ പാലം ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയ്‌ൽവേ കമാന പാലമാണ്. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. 1,315 മീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ ഉരുക്ക് കമാന ഘടന ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയ്‌ൽവേ ലിങ്കിലെ ഒരു പ്രധാന ഭാഗമാണ്. നമ്മുടെ എൻജിനീയറിങ് ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലുമാണ്.
ദുർഘട ഭൂപ്രകൃതിയെയും കഠിന കാലാവസ്ഥയെയും അതിജീവിക്കാൻ പാകത്തിൽ രൂപകൽപ്പന ചെയ്ത ഈ പാലത്തിന് മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാം. 120 വർഷം വരെ കേടു കൂടാതെ നിലനിൽക്കും. ₹1,486 കോടി ചെലവിൽ കൊങ്കൺ റെയ്‌ൽവേ പണി തീർത്ത ഈ വിസ്മയം, ഒരു പാലം എന്നതിലുപരി, ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിന്‍റെ പ്രതീകമാണ്. മൈനസ് 10 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയ്ക്ക് അനുയോജ്യമായ സ്ട്രക്ചറൽ സ്റ്റീലിന്‍റെ ഉപയോഗം കാലാവസ്ഥാ പ്രത്യഘാതങ്ങളെ ചെറുക്കും. രൂപകൽപ്പനയിലും നിർവഹണത്തിലും അതീവ കൃത്യത സാധ്യമാക്കുന്ന സങ്കീർണമായ "ടെക്ല' സോഫ്റ്റ്‌വെയറാണ് ഘടനാപരമായ വിന്യാസങ്ങൾക്കായി ഉപയോഗിച്ചത്.
ജമ്മുവിനും ശ്രീനഗറിനും മധ്യേയുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തും എന്നതാണ് പാലത്തിന്‍റെ ഒരു പ്രധാന ഗുണഫലം. വന്ദേ ഭാരത് എക്സ്പ്രസ് ഈ പാലത്തിന് മുകളിലൂടെ സഞ്ചാരം ആരംഭിക്കുന്നതോടെ, കത്രയ്ക്കും ശ്രീനഗറിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം 3 മണിക്കൂറായി കുറയും. ഇത് നിലവിലുള്ള യാത്രാ സമയത്തേക്കാൾ 2 മുതൽ 3 മണിക്കൂർ വരെ കുറവാണ്.
അഞ്ജി ഖാദ് പാലം
പരുക്കൻ ഹിമാലയൻ ഭൂപ്രകൃതിക്കു കുറുകെ തലയുയർത്തി നിൽക്കുന്ന അഞ്ജി ഖാദ് പാലം ഇന്ത്യയിലെ ആദ്യ കേബിൾ അധിഷ്ഠിത റെയ്‌ൽവേ പാലമായി (Cable stayed railway bridge) നിലകൊള്ളുന്നു. ചെനാബിന് തെക്ക് ആഴമേറിയ അഞ്ജി നദീതടത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയ്‌ൽ പാതയിലെ കത്ര ബനിഹാൽ ഭാഗത്തെ ബന്ധിപ്പിക്കുന്നു.
ജമ്മു നഗരത്തിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെ, മഞ്ഞുമൂടിയ കൊടുമുടികളുടെ മനോഹര പശ്ചാത്തലത്തിലാണ് പാലം സജ്ജീകരിച്ചിരിക്കുന്നത്. നദീതടത്തിൽ നിന്ന് 331 മീറ്റർ ഉയരത്തിലും 725 മീറ്റർ വീതിയിലും വ്യാപിച്ചുകിടക്കുന്ന ഇത് 96 ശക്തിയേറിയ ടെൻസൈൽ കേബിളുകളാൽ നങ്കൂരമിട്ടിരിക്കുന്നു. അതിന്‍റെ ഹൃദയഭാഗത്ത് അടിത്തറയ്ക്കു മുകളിൽ 193 മീറ്റർ ഉയരമുള്ള വിപരീത Y ആകൃതിയിലുള്ള ഒരു പൈലോൺ ഉണ്ട്. പാലത്തിൽ ഉപയോഗിച്ചിരിക്കുന്ന കേബിൾ സ്ട്രോണ്ടിന്‍റെ ആകെ നീളം 653 കിലോമീറ്ററാണ്. മുഴുവൻ ഘടനയും കേവലം 11 മാസത്തിനുള്ളിൽ പൂർത്തിയാക്കി എന്നതാണ് ശ്രദ്ധേയം.
8,200 മെട്രിക് ടണ്ണിലധികം സ്ട്രക്ചറൽ സ്റ്റീൽ ഇതിന്‍റെ നിർമാണത്തിനായി ഉപയോഗിച്ചു. കാലപ്പഴക്കവും കാഠിന്യവും കുറഞ്ഞ പർവത ശിഖരങ്ങളാൽ രൂപപ്പെട്ട ഒരു പ്രദേശത്ത്, അത് കണക്കിലെടുത്തുള്ള ശക്തിയും ഈടും ഉറപ്പാക്കിയിട്ടുണ്ട്. ഭൂചലനങ്ങൾ, ശക്തമായ കാറ്റ്, ഭൂമിശാസ്ത്ര പരമായ മാറ്റങ്ങൾ എന്നിവ അതിജീവിക്കാൻ ശേഷിയുള്ള അഞ്ജി ഖാദ് പാലം ഒരു എൻജിനീയറിങ് വിസ്മയമെന്നതിൽ ഉപരിയായ മാനങ്ങൾ കൈവരിക്കുന്നു. ഇത് മനുഷ്യന്‍റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്‍റെയും പ്രതീകമാണ്. ഉധംപുർ- ശ്രീനഗർ ബാരാമുള്ള റെയ്‌ൽ ലിങ്കിന്‍റെ ഭാഗമായ 193 മീറ്റർ പാലം മേഖലയിലേക്ക് സുഗമമായ യാത്ര, അതിവേഗ ഗതാഗതം, മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നു.
യുഎസ്ബിആർഎൽ, വന്ദേ ഭാരത്
സ്വതന്ത്ര ഇന്ത്യ ഏറ്റെടുത്ത ഏറ്റവും അഭിലഷണീയമായ റെയ്‌ൽവേ പദ്ധതികളിൽ ഒന്നാണ് ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയ്‌ൽ ലിങ്ക് (USBRL). ഹിമാലയ പർവതനിരകളിലെ 272 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്ക് ₹43,780 കോടി രൂപയാണ് ചെലവ്. താഴ്‌വരകളെയും കുന്നുകളെയും പർവത നിരകളെയും പരസ്പരം ബന്ധിപ്പിക്കുന്ന 943 പാലങ്ങളും 119 കിലോമീറ്റർ ദൈർഘ്യമുള്ള 36 തുരങ്കങ്ങളും ഇതിൽ ഉൾപ്പെടുന്നു. വെല്ലുവിളി നിറഞ്ഞ ഭൂമിശാസ്ത്രത്തെ മറികടക്കാനാകും വിധം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത് വിദൂര പ്രദേശങ്ങളെ ദേശീയ റെയ്‌ൽ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ജമ്മു കശ്മീരിന്‍റെ ഗതാഗത സൗകര്യങ്ങൾ, വ്യാപാരം, വിനോദസഞ്ചാരം എന്നിവയിൽ പുതിയ അധ്യായം എഴുതിച്ചേർക്കുകയും ചെയ്യുന്നു.
ഗതാഗത സൗകര്യങ്ങൾ പരമാവധിയിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി, ജമ്മുവിനും ശ്രീനഗറിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസ് അവതരിപ്പിച്ചു. സമാന സ്വഭാവമുള്ള മറ്റു ട്രെയ്‌നുകളിൽ നിന്ന് വ്യത്യസ്തമായി, കഠിനമായ ഹിമാലയൻ ശൈത്യകാലത്തിന് അനുയോജ്യമാം വിധം ട്രെയ്‌ൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനിലയിൽ പോലും ഇത് സുഗമമായി സഞ്ചരിക്കും. ചൂടാക്കിയ വിൻഡ് ഷീൽഡുകൾ, നൂതന താപവിതരണ സംവിധാനങ്ങൾ, ഇൻസുലേറ്റഡ് ടോയ്‌ലറ്റുകൾ എന്നിവ വർഷം മുഴുവനും ട്രെയ്‌ൻ പ്രവർത്തനക്ഷമവും സുഖകരവുമായി തുടരുന്നു എന്ന് ഉറപ്പാക്കും.
റെയ്ൽ പാതകൾ വൃത്തിയാക്കാനും മഞ്ഞു നീക്കം ചെയ്യാനും മുന്നിൽ സഞ്ചരിക്കുന്ന ട്രെയ്‌നാണ് ഈ പാതയുടെ മറ്റൊരു സവിശേഷത. ഇത് വർഷം മുഴുവൻ ഗതാഗത സേവനം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഭൂചലനങ്ങളെ ആഗിരണം ചെയ്യാൻ സീസ്മിക് ഡാംപറുകളും സ്ഥാപിച്ചിട്ടുണ്ട്. ഉയർന്ന അപകട സാധ്യതയുള്ള ഈ മേഖലകളിൽ സുരക്ഷിതവും സുഗമവുമായ യാത്ര ഇത് വാഗ്ദാനം ചെയ്യുന്നു. ഈ ഉദ്യമങ്ങൾ സംയുക്തമായി, ജമ്മു കശ്മീരിലെ പൊതുഗതാഗതത്തെ പുനർനിർമിക്കുന്നു.
മറ്റു പ്രധാന സംരംഭങ്ങൾ
കഴിഞ്ഞ 11 വർഷമായി ജമ്മു കശ്മീരിലുടനീളം റെയ്‌ൽവേ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ സുസ്ഥിരവും ലക്ഷ്യവേധിയുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പാതകൾ വികസിപ്പിക്കുന്നതും ലോകോത്തര സ്റ്റേഷനുകൾ നിർമിക്കുന്നതും മുതൽ പുതിയ പാതകൾ കമ്മിഷൻ ചെയ്യുന്നതും വൈദ്യുത ട്രെയ്‌നുകൾ അവതരിപ്പിക്കുന്നതും വരെയുള്ള ഓരോ ഉദ്യമവും ഈ മേഖലയിൽ പ്രകടമായ നേട്ടങ്ങൾ സാധ്യമാക്കിയിട്ടുണ്ട്.
ടി-50 തുരങ്കം, സമർപ്പിത റെയ്‌ൽവേ ഡിവിഷന്‍റെ ആരംഭം, റെയ്‌ൽ പാതയുടെ സമ്പൂർണ വൈദ്യുതീകരണം തുടങ്ങിയ തന്ത്രപരമായ പദ്ധതികൾ ശാശ്വത ഗതാഗത സൗകര്യങ്ങൾ, സാമ്പത്തിക വളർച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്കുള്ള ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
കത്ര റെയ്‌ൽപ്പാത
2014ൽ കമ്മിഷൻ ചെയ്ത, ₹1,132.75 കോടി ചെലവിൽ നിർമിച്ച 25.6 കിലോമീറ്റർ ഉധംപുർ- ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റെയ്‌ൽ സെക്‌ഷൻ ജമ്മു കശ്മീരിന്‍റെ റെയ്‌ൽ വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഉധംപുർ- ശ്രീനഗർ-ബാരാമുള്ള റെയ്‌ൽ ലിങ്കിന്‍റെ (USBRL) ഭാഗമായ ഇതിൽ 10.9 കിലോമീറ്റർ തുരങ്കങ്ങൾ, 36 പാലങ്ങൾ, നവീകരിച്ച കത്ര സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഈ പദ്ധതിക്കായി 75%ത്തിലധികം ഭൂമി വിട്ടുനൽകിയ 700 ഭൂവുടമകൾക്ക് റെയ്‌ൽവേയിൽ സ്ഥിര ജോലി നൽകി.
വൈഷ്ണോ ദേവി കത്ര സ്റ്റേഷൻ
2014 ജൂലൈ 4ന് ഉദ്ഘാടനം ചെയ്ത ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷൻ, യാത്രക്കാർക്ക് അനുഗുണമായ ഒട്ടേറെ സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ഒരു ആധുനിക നാലുവരി ക്രോസിങ് സ്റ്റേഷനാണ്. 1, 2, 3 പ്ലാറ്റ്‌ഫോമുകളാണ് യാത്രികർക്കായുള്ള പ്രധാന പ്ലാറ്റ്‌ഫോമുകൾ. ഓരോന്നിനും 550 മീറ്റർ നീളവും 400 മീറ്റർ ഉയരത്തിൽ മേൽക്കൂരകളുമുണ്ട്.
എല്ലാ പ്ലാറ്റ്‌ഫോമുകളിലും കുടിവെള്ള ബൂത്തുകൾ, പൊതു സൗകര്യങ്ങൾ, കുടിവെള്ള ടാപ്പുകൾ, ബെഞ്ചുകൾ, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പട്ടണത്തിലെ പ്രദേശവാസികൾക്ക് തടസരഹിത സഞ്ചാരം ഉറപ്പാക്കാൻ പ്രത്യേക കാൽനട മേൽപ്പാലവും നിർമിച്ചിട്ടുണ്ട്.
ശ്രീ ശക്തി എസി സൂപ്പർഫാസ്റ്റ്
2014 ജൂലൈ 4ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ശ്രീ ശക്തി എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22461/22462) ന്യൂഡൽഹിയെ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. 25 കിലോമീറ്റർ ദൈർഘ്യമുള്ള ഉധംപുർ- കത്ര റെയ്‌ൽ പാത കമ്മിഷൻ ചെയ്തതോടെ ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് വർധിപ്പിച്ചു.
പുതിയ പാതകൾ, ആദ്യ വൈദ്യുത ട്രെയ്‌ൻ
2024 ഫെബ്രുവരിയിൽ, ബനിഹാൽ, ഖാരി, സുംബർ, സംഗൽദാൻ എന്നിവയ്ക്കിടയിലുള്ള 48 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റെയ്‌ൽ പാതയും പുതുതായി വൈദ്യുതീകരിച്ച 185.66 കിലോമീറ്റർ ബാരാമുള്ള- ശ്രീനഗർ- ബനിഹാൽ- സംഗൽദാൻ ഭാഗവും ഉദ്‌ഘാടനം ചെയ്തു. താഴ്‌വരയിലെ ആദ്യ വൈദ്യുത ട്രെയ്‌ൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുകയും സംഗൽദാൻ, ബാരാമുള്ള സ്റ്റേഷനുകൾക്കിടയിൽ സർവീസ് ആരംഭിക്കുകയും ചെയ്തു. ബനിഹാൽ- സംഗൽദാൻ സെക്‌ഷനിലെ ബാലസ്റ്റ് രഹിത റെയ്‌ൽ പാത (Ballast less Track-BLT) യാത്രക്കാർക്ക് സുഗമവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നു.
ബനിഹാൽ- കത്ര സെക്‌ഷൻ
ജമ്മു ഡിവിഷനിലെ 111 കിലോമീറ്റർ ബനിഹാൽ- കത്ര സെക്‌ഷനിൽ 2025 ജനുവരിയിൽ അന്തിമ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. ജമ്മുവിനും കശ്മീർ താഴ്‌വരയ്ക്കും മധ്യേ സമ്പൂർണ ട്രെയ്‌ൻ കണക്റ്റിവിറ്റിക്ക് ഇത് വഴിയൊരുക്കി. ഈ ഭാഗത്ത് 97 കിലോമീറ്റർ തുരങ്കങ്ങളും 7 കിലോമീറ്റർ നീളമുള്ള 4 പ്രധാന പാലങ്ങളും ഉൾപ്പെടുന്നു. ഒപ്പം, ലോകോത്തര യാത്രാനുഭവം ഉറപ്പാക്കുന്നതിനായി 8 പ്ലാറ്റ്‌ഫോമുകളും ആധുനിക സൗകര്യങ്ങളും ഉപയോഗിച്ച് ജമ്മു സ്റ്റേഷൻ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജമ്മു റെയ്‌ൽവേ ഡിവിഷൻ
2025 ജനുവരിയിൽ ജമ്മു നഗരം ആസ്ഥാനമായി ഉത്തര റെയ്‌ൽവേയുടെ കീഴിലുള്ള പുതിയ ജമ്മു റെയ്‌ൽവേ ഡിവിഷൻ ഉദ്ഘാടനം ചെയ്തു. ജനുവരി 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്ത ഈ ഡിവിഷൻ ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, പഞ്ചാബിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ റെയ്‌ൽ ഗതാഗത ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റാൻ ഫിറോസ്പുർ ഡിവിഷനിൽ നിന്ന് വിഭജിച്ച് സൃഷ്ടിച്ചതാണ്. ഈ ഡിവിഷനിൽ 11 പ്രധാന ചരക്ക് ടെർമിനലുകൾ ഉൾപ്പെടുന്നു. ഇത് മേഖലയിലുടനീളം ഭക്ഷ്യധാന്യങ്ങൾ, സിമന്‍റ്, കൽക്കരി, ഇന്ധനം, പെട്ടെന്ന് കേടുവരുന്ന ഉത്പന്നങ്ങൾ എന്നിവയുടെ ചരക്ക് നീക്കത്തിന് സൗകര്യമൊരുക്കുന്നു.
ടി-50 തുരങ്കം, റോഡ് കണക്റ്റിവിറ്റി
12.77 കിലോമീറ്റർ ദൈർഘ്യമുള്ള T50 തുരങ്കം, ജമ്മു കശ്മീരിലെ ഖാരിയെയും സംബറിനെയും ബന്ധിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും നീളമേറിയ ഗതാഗത തുരങ്കവും ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയ്‌ൽ ലിങ്ക് (USBRL) പദ്ധതി പ്രകാരം നിർമിച്ച ഏറ്റവും നീളമേറിയ തുരങ്കവുമാണിത്. കശ്മീർ താഴ്‌വരയ്ക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾക്കും ഇടയിൽ തടസരഹിത റെയ്‌ൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ ഈ തുരങ്കം പ്രധാന കണ്ണിയായി മാറിയിരിക്കുന്നു.
പുതിയ ഓസ്ട്രിയൻ തുരങ്ക നിർമാണ രീതി പ്രയോജനപ്പെടുത്തി നിർമിച്ച ഈ തുരങ്കം ക്വാർട്‌സൈറ്റ്, ഗ്‌നൈയ്‌സ്, ഫൈലൈറ്റ് എന്നിവയുൾപ്പെടുന്ന സങ്കീർണവും വൈവിധ്യപൂർണവുമായ ഭൂമിശാസ്ത്രത്തിലൂടെയാണ് കടന്നുപോകുന്നത്. ഉയർന്ന ജലപ്രവാഹം, മണ്ണിടിച്ചിൽ, ഷിയർ സോണുകൾ, അഗ്നിപർവത ശിലാ രൂപങ്ങൾ തുടങ്ങിയ പ്രധാന നിർമാണ തടസങ്ങൾ പാത നേരിട്ടു. ഈ വെല്ലുവിളികളെ നേരിടാൻ, എൻജിനീയർമാർ 3 അഡിറ്റുകൾ (അനുബന്ധ തുരങ്കങ്ങൾ) നിർമിച്ചു. ഇത് ഒരേസമയം ഒന്നിലധികം ഗുഹാമുഖങ്ങളിൽ ജോലി ആരംഭിക്കാൻ സൗകര്യമൊരുക്കി. നിർമാണ സമയക്രമം ത്വരിതപ്പെടുത്താൻ ഇത് സഹായകമായി. ഒരു പ്രധാന തുരങ്കവും ഒരു സമാന്തര രക്ഷാ തുരങ്കവും ഇതിന്‍റെ രൂപകൽപ്പനയിൽ ഉൾപ്പെടുന്നു. സുരക്ഷ ഉറപ്പാക്കാൻ ഓരോ 375 മീറ്ററിലും ക്രോസ്-പസേജുകളുണ്ട്.
ടി-50 തുരങ്കത്തിൽ ഓരോ 50 മീറ്ററിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയും സുഗമമായ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി എല്ലാ ഫീഡുകളും ഒരു കേന്ദ്ര കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കുന്നു. കൂടാതെ. പദ്ധതി മേഖലയിലേക്ക് പ്രവേശനം നൽകുന്നതിനും സമീപ പ്രദേശങ്ങളിലെ ഗതാഗതവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യൻ റെയ്‌ൽവേ 215 കിലോമീറ്റർ അപ്രോച്ച് റോഡുകൾ നിർമിച്ചു.
സമ്പൂർണ വൈദ്യുതീകരണം
ജമ്മു കശ്മീരിലെ റെയ്‌ൽപ്പാതകൾ 100% വൈദ്യുതീകരിച്ചു. ഇത് മേഖലയിലെ കാര്യക്ഷമവും സുസ്ഥിരവുമായ റെയ്‌ൽ ഗതാഗതത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.
അമൃത് ഭാരത് സ്റ്റേഷൻ
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം ആധുനിക സൗകര്യങ്ങൾ, മെച്ചപ്പെട്ട യാത്രാ അനുഭവം, സംയോജിത നഗര വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജമ്മു കശ്മീരിലെ ബുഡ്ഗാം, ജമ്മു താവി, ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, ഉദംപൂർ എന്നീ 4 സ്റ്റേഷനുകളുടെ പുനർവികസനം റെയ്‌ൽവേ മന്ത്രാലയം ഏറ്റെടുത്തു.
ജമ്മു കശ്മീരിനുള്ള വിഹിതം
2025-26ലെ കേന്ദ്ര ബജറ്റിൽ, പുരോഗമിക്കുന്ന പദ്ധതികൾ ത്വരിതപ്പെടുത്താനും മേഖലയിലുടനീളം റെയ്‌ൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ജമ്മു കശ്മീരിന് ₹844 കോടി അനുവദിച്ചു.
ദീർഘവീക്ഷണവും ദൃഢനിശ്ചയവും
11 വർഷത്തിനിടെ ദീർഘവീക്ഷണവും ദൃഢനിശ്ചയവും കൈമുതലാക്കി ജമ്മു കശ്മീരിന്‍റെ റെയ്‌ൽവേ ഭൂമികയെ സർക്കാർ പുനർനിർമിച്ചു. ചെനാബ്, അഞ്ജി ഖാദ് പാലങ്ങൾ പോലുള്ള എൻജിനീയറിങ് വിസ്മയങ്ങൾ മുതൽ യുഎസ്ബിആർഎൽ, വന്ദേ ഭാരത് ട്രെയ്‌നുകൾ മുഖേന സാധ്യമാക്കിയ ഏത് കാലാവസ്ഥയിലും പ്രവർത്തനക്ഷമമായ ഗതാഗത സൗകര്യങ്ങൾ വരെ, ഓരോ ചുവടുവയ്പ്പും ഈ മേഖലയെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി കൂടുതൽ ബന്ധിപ്പിച്ചു.
സമ്പൂർണ വൈദ്യുതീകരണം, നവീകരിച്ച സ്റ്റേഷനുകൾ, ലക്ഷ്യവേധിയായ ബജറ്റ് പിന്തുണ എന്നിവ ഈ മുന്നേറ്റത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഒരു കാലത്ത് ഒറ്റപ്പെട്ടു കിടന്നിരുന്ന ഈ ഭൂപ്രദേശം ഇപ്പോൾ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ താളത്തിനൊത്ത് സ്പന്ദിക്കുന്നു. വളർച്ചയ്ക്കും വ്യാപാരത്തിനും വിനോദ സഞ്ചാരത്തിനും പുതു വഴികൾ തുറന്നു നൽകുന്നു.