'ഗുസ്തിതാരങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ല'; വിവാദക്കുരുക്കിൽ പി ടി ഉഷ

'ഗുസ്തിതാരങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ല'; വിവാദക്കുരുക്കിൽ പി ടി ഉഷ

ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ സമരത്തിനെതിരായ പി ടി ഉഷയുടെ പരാമർശത്തിനെതിരെ ശശി തരൂർ രംഗത്ത്. നിങ്ങളുടെ സഹ കായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് "രാഷ്ട്രത്തിന്‍റെ പ്രതിച്ഛായയെ" കളങ്കപ്പെടുത്തുന്നില്ല. അവരെ കേട്ട്, അവരുടെ പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു പകരം അവർ ഉയർത്തുന്ന ആവശ്യങ്ങളെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തരൂർ പറഞ്ഞു.

ഇതിനോടകം തന്നെ നിരവധി പേരാണ് പി ടി ഉഷയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കും ദോഷമാണെന്ന പി ടി ഉഷയുടെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. താരങ്ങൾ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനു പകരം ഒളിംപ്ക് അസോസിയേഷന്‍റെ അത്ലറ്റിക് കമ്മിഷനു മുന്നിൽ ഹാജരാകുകയായിരുന്നു ചെയ്യേണ്ടെതെന്നും അവർ പറഞ്ഞിരുന്നു.

ഗുസ്തി താരങ്ങൾക്കെതിരായ പരാമർശം പിൻവലിക്കണമെന്ന് സിപിഎം നേതാവ് പി കെ ശ്രീമതി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. ചെറുപ്പം മുതൽ ഹീറോയായി ആരാധിച്ചിരുന്ന ഉഷയോടുള്ള ബഹുമാനം നഷ്ട്ടപ്പെട്ടതായി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പ്രതികരിച്ചു. ഇത് വൈകാരികമായ വിഷയമാണ്. സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും അധികൃതർ ഇടപെടണമെന്ന് നീരജ് ചോപ്ര ആവശ്യപ്പെട്ടു.

അതേസമയം, പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ച ഒളിംപിക് അസോസിയേഷൻ അധ്യക്ഷയിൽ നിന്നും ഇത്തരത്തിലൊരു പ്രതികരണമല്ല പ്രതീക്ഷിച്ചതെന്ന് സമരമുഖത്തുള്ള ഗുസ്തിതാരങ്ങളും വ്യക്തമാക്കി. ഞങ്ങളൊക്കെ മാതൃകയായി കണ്ട വ്യക്തിയാണ് പി ടി ഉഷ. അവരുടെ വാക്കുകൾ വല്ലാതെ മുറിപ്പെടുത്തി. മുമ്പ് ഉഷയുടെ അക്കാദമി ആരോ തകർത്തെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചപ്പോൾ രാജ്യത്തിന്‍റെ പ്രതിച്ഛായക്ക് മങ്ങലേറ്റിരുന്നോ?- ഗുസ്തി താരം ബജ്റങ് പൂനിയ ചോദിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com