

മുഹമ്മദ് സാഹിൽ (25), ഭാര്യ സമീറ (21)
ന്യൂഡൽഹി: പാക് ചാര സംഘടന ഐഎസ്ഐക്കു വേണ്ടി ചാരപ്രവർത്തനം നടത്തിയ ദമ്പതിമാർ ഡൽഹിയിൽ അറസ്റ്റിൽ. 2024 മുതൽ ഐഎസ്ഐ ഏജന്‍റുമാരായി പ്രവർത്തിക്കുന്ന മുഹമ്മദ് സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. ഇന്ത്യയിൽ നിന്നു സിംകാർഡുകളെടുത്ത് ഇതു ദുബായ് വഴി പാക്കിസ്ഥാനിലേക്ക് അയച്ചിരുന്നു ഇരുവരും. ഡൽഹിയിലെ കന്‍റോൺമെന്‍റ് മേഖലയിൽ നിന്നടക്കം വിവരങ്ങൾ ശേഖരിക്കാൻ ഇവർ നിരവധി പേരെ തങ്ങളുടെ ശൃംഖലയിൽ ചേർത്തിട്ടുണ്ട്.
2024ൽ സമൂഹമാധ്യമത്തിലൂടെയാണ് ഇവർ ഐഎസ്ഐയുമായി ബന്ധപ്പെടുന്നത്. ഓരോ സിംകാർഡിനും ഐഎസ്ഐയിൽ നിന്ന് ഇവർക്ക് 30000 രൂപ വീതം ലഭിച്ചിരുന്നു. എട്ടു സിംകാർഡുകൾ അയച്ചിട്ടുണ്ടെന്നാമു പ്രാഥമിക വിവരം. ഇത്തരമൊരു ശൃംഖല പ്രവർത്തിക്കുന്നതായി ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് ആദ്യം അറസ്റ്റ് ചെയ്തത് സാഹിലിനെയാണ്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ പാക്കിസ്ഥാനിലെ ഐഎസ്ഐ സംഘവുമായി സംസാരിച്ചതിന്‍റെ തെളിവുകൾ ലഭിച്ചു.
ഇന്ത്യയിൽ നിന്നുള്ള സിംകാർഡുകൾ ഉപയോഗിച്ച് ഐഎസ്ഐ സംഘം ഇന്ത്യൻ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ കയറി വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കന്‍റോൺമെന്‍റ് മേഖലയുടെ വിവരങ്ങൾ തേടിയ പാക് സംഘം, ഇന്ത്യൻ സൈനിക കോടതി വിചാരണകളെക്കുറിച്ചും ഇവിടെ കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ചും ചോദിച്ചതായും കണ്ടെത്തി. സഹീലിനെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യ സമീറയുടെ പങ്കും വെളിവായത്.
ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നു ബിഎ പാസായശേഷം ഒരു അഭിഭാഷകനൊപ്പം ജോലി ചെയ്തിരുന്ന സാഹിൽ 2025 ജൂൺ മുതൽ തൊഴിൽ രഹിതനാണ്. ബിഎ പാസായ സമീറനോയിഡയിലെ കോൾസെന്‍ററിൽ ജോലി ചെയ്തുവരികയായിരുന്നു.