
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധം മുറുകുന്നതിനിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ കാരണമായത് ഒരു രഹസ്യ സന്ദേശമെന്ന് റിപ്പോർട്ട്. ചൈനയുടെ പ്രസിഡന്‍റ് ഷി ജിൻപിങ്ങാണ് ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഈ കത്തയച്ചത്.
കത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചൈനയുടെ താത്പര്യമായിരുന്നു അതിലെ പ്രധാന വിഷയമെന്നാണ് സൂചന.
കത്തയച്ചത് രാഷ്ട്രപതിക്കായിരുന്നെങ്കിലും അത് വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറ്റം ചെയ്യപ്പെട്ടു. ഇന്ത്യ - ചൈന ബന്ധം മെച്ചപ്പെടുത്താൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താമെന്ന ഷിയുടെ വാഗ്ദാനം മോദിക്കു സ്വീകാര്യമായിരുന്നു.
ഇന്ത്യയും യുഎസും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ധാരണയിലെത്തിയാൽ അതു ചൈനയുടെ താത്പര്യങ്ങൾക്കു വിരുദ്ധമായി വരുമെന്ന ആശങ്കയും ഷി തന്‍റെ കത്തിൽ പങ്കുവച്ചിരുന്നു എന്നാണ് അറിയുന്നത്.
2020ൽ അതിർത്തിയിലുണ്ടായ സംഘർഷത്തോടെ ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇപ്പോൾ ട്രംപിന്‍റെ താരിഫ് യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് ഇരുരാജ്യങ്ങളും പഴയ ഭിന്നതകൾ മറന്ന് യോജിപ്പിന്‍റെ പാതയിലേക്കു നീങ്ങാൻ ശ്രമിക്കുന്നത്.
ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് ഏതാനും ആഴ്ചകൾക്കുള്ളിൽ പുനരാരംഭിക്കാനിരിക്കുകയാണ്. ഇന്ത്യയിലേക്ക് യൂറിയ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണത്തിലും ചൈന ഇളവ് നൽകിയിട്ടുണ്ട്.
വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇന്ത്യ ചൈനക്കാർക്ക് ടൂറിസ്റ്റ് വിസയും അനുവദിച്ചു തുടങ്ങി.