
ന്യൂഡൽഹി: വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപക നേതാവ് വൈ.എസ്. ശർമിള ഇന്ന് കോൺഗ്രസിൽ ചേർന്നേക്കും. ബുധനാഴ്ച രാത്രി ശർമിള ഡൽഹിയിലെത്തിയിരുന്നു. വ്യാഴാഴ്ച എഐസിസി ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് പ്രധാനപ്പെട്ട ഒരു വ്യക്തി പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിൽ ചേരുമോ എന്ന ചോദ്യത്തിന് അതേയെന്നാണ് ശർമിള മറുപടി പറഞ്ഞത്.
ചൊവ്വാഴ്ച ഹൈദരാബാദിൽ നടന്ന യോഗത്തിനു ശേഷം താനും പാർട്ടിയിലെ മറ്റു നേതാക്കളും എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും നിർണായകമായ പ്രഖ്യാപനം നടത്തുമെന്നും ശർമിള പറഞ്ഞിരുന്നു.
ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ. എസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ് ശർമിള.