

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ ഓഫീസുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി. കോൺഗ്രസ് ഗൂണ്ടകളുടെ പാർട്ടിയാണെന്നും അക്രമപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മെറ്റ ഓഫീസുകളിൽ അതിക്രമം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ചയാണ് സംഭവം. ഹൈദരാബാദിലെ മെറ്റ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാശനഷ്ടങ്ങൾ വരുത്തിയെന്നും സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഭണ്ഡാരി എക്സിൽ പങ്കുവച്ച വിഡിയോയിൽ ആരോപിച്ചു.
ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധവും ഭണ്ഡാരി പരാമർശിച്ചു. പരിപാടിയിലേക്ക് അതിക്രമിച്ചുകയറി ഷർട്ടില്ലാതെ പ്രതിഷേധിച്ച് ഇന്ത്യയെ അപമാനിച്ചുവെന്ന് ഭണ്ഡാരി ആരോപിച്ചു.
സ്വകാര്യ കമ്പനികളുടെ ഓഫീസുകൾ ആക്രമിക്കുന്നതാണ് കോൺഗ്രസിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വളർച്ച ആഗ്രഹിക്കുന്ന എല്ലാവരും കോൺഗ്രസിന്റെ അക്രമരീതികളെ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.