

ഭോപ്പാൽ: കൂട്ടുകാരിയുടെ വളർത്തുനായയെ രക്ഷിക്കാൻ ഡാമിന്‍റെ റിസർവോയറിൽ ചാടിയ ഇരുപത്തിമൂന്നുകാരൻ മുങ്ങിമരിച്ചു. നായ സ്വയം നീന്തി രക്ഷപെടുകയും ചെയ്തു.
ബിടെക് ബിരുദധാരിയായ സരൾ നിഗമാണ് മരിച്ചത്. യുപിഎസ്‌സി പരീക്ഷയ്ക്കു വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു.
സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾക്കൊപ്പം സരൾ ജംഗിൾ ക്യാംപിങ്ങിനു പോയപ്പോഴാണ് അപകടം. കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടിയുടെ വളർത്തു നായ റിസർവോയറിൽ വീണപ്പോൾ രക്ഷിക്കാൻ ചാടിയതായിരുന്നു സരൾ.
മറ്റു രണ്ടു പേരും സരളിനൊപ്പം വെള്ളത്തിലിറങ്ങിയിരുന്നു. എന്നാൽ, സരൾ മാത്രം നിയന്ത്രണം തെറ്റി മുങ്ങിപ്പോകുകയായിരുന്നു. കനത്ത ഒഴുക്കുള്ള ഭാഗമായിരുന്നതിനാൽ പെട്ടെന്നു തന്നെ ആഴത്തിലേക്കു പോകുകയും ചെയ്തു. പെൺകുട്ടികൾ ഇതിനിടെ കരയ്ക്കു കയറുകയും ചെയ്തു.
മാതാപിതാക്കളുടെ ഒറ്റ മകനായിരുന്നു സരൾ നിഗം. 15 അടി ആഴമുള്ള സ്ഥലത്തുനിന്നു കണ്ടെടുത്ത മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു. പെൺകുട്ടികളെ പൊലീസ് അവരുടെ വീടുകളിലേക്കു തിരിച്ചയച്ചു. ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തും. മൂവരും സമീപവാസികളാണ്.