
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വൈഎസ്ആർ പാർട്ടി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് വൈ.എസ് ശർമിള അറിയിച്ചു.
ചന്ദ്രശേഖര റാവുവിന്‍റെ അഴിമതിയും ജനവിരുദ്ധ ഭരണവും അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് പാർട്ടി ഈ തീരുമാനമെടുത്തത്. സർവ്വേ പ്രകാരം, ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അത് വിവിധ മണ്ഡലങ്ങളിലെ കോൺഗ്രസിന്‍റെ വോട്ട് വിഹിതത്തെ ബാധിക്കും. അതിനാലാണ് വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നൊരു ത്യാഗം ഞങ്ങൾ എടുത്തത്. സംസ്ഥാനത്തിന്‍റെ പൊതു താൽപര്യം സംരക്ഷിക്കുന്നതിനും ഭൂരിപക്ഷം ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും വേണ്ടിയാണ് ഈ നീക്കുമെന്നും ശർമിള പറഞ്ഞു.
നവംബർ 30 നാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടക്കുന്നത്. നേരത്തെ കോൺഗ്രസിൽ ലയിക്കാനോ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനോ താൽപര്യമുണ്ടെന്ന് പ്രകടിപ്പിച്ചിരുന്നെങ്കിലും നേതൃഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് അവർ പറഞ്ഞിരുന്നു. തെലങ്കാനയിലെ മുഴുവൻ സീറ്റിലും തന്‍റെ ആളുകളെ നിർത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ മത്സരിക്കാനില്ലെന്ന തീരുമാനത്തിലാണ് ശർമിളയും പാർട്ടിയും.