
നർഗീസ്
വെല്ലൂർ: തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ സ്ത്രീധന പീഡനത്തിൽ പരാതി നൽകാൻ 21കാരി നീതി തേടി സ്ട്രെച്ചറിൽ കളക്ട്രേറ്റിൽ എത്തി. ഭർത്താവും ഭർതൃകുടുംബവും ചേർന്ന് തന്നെ ടെറസിൽ നിന്ന് തള്ളിയിട്ടെന്നാണ് നർഗീസ് എന്ന യുവതിയുടെ ആരോപണം. ഭർത്താവ് ബി. ഖാജ് റഫീഖ് (30), അച്ഛൻ ബാബ, അമ്മ ഷക്കീല എന്നിവർക്കെതിരേയാണ് പരാതി.
നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതായും ഇരു കാലുകൾ ഒടിഞ്ഞതായും യുവതി പറഞ്ഞു. കളക്ട്രേറ്റിൽ എത്തിയ നർഗീസിന്‍റെ മൊഴി റവന്യൂ ഡിവിഷണൽ ഓഫീസർ സെന്തിൽ രേഖപ്പെടുത്തി. കേസ് സമഗ്രമായി അന്വേഷിക്കുമെന്ന് കളക്റ്റർ വി.ആർ. സുബ്ബലക്ഷ്മി ഉറപ്പ് നൽകി.
2023-ലായിരുന്നു നർഗീസിന്‍റെയും റഫീഖിന്‍റെയും വിവാഹം. റാണിപേട്ട് ജില്ലയിലെ മെലാനെല്ലി ഗ്രാമത്തിലെ ദിവസക്കൂലിക്കാരനായ പിതാവ് അബ്ദുൽ സലാം സ്ത്രീധനം കൊടുക്കാൻ കടമെടുത്ത് 30 പവൻ സ്വർണവും 10 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ബൈക്കും നൽകിയതായി യുവതി പറഞ്ഞു. എന്നാൽ കൂടുതൽ പണം ആവശ്യപ്പെട്ട് വിവാഹത്തിന് തൊട്ടടുത്ത ദിവസം മുതൽ പീഡനം ആരംഭിച്ചു.
ഇത്തരത്തിൽ ജൂൺ 3ന് ഭർത്താവ് ടെറസിലേക്ക് കൊണ്ടുപോയി സംസാരിച്ചു കൊണ്ടിരിക്കെ തള്ളിയിട്ടു. ആശുപത്രിയിൽ കഴിയുമ്പോൾ ഭർതൃപിതാവ് വിഷം കുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി കുറ്റപ്പെടുത്തി. അരിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും തിരുവണ്ണാമലയിൽ പൊലീസ് സബ് ഇൻസ്പെക്റ്ററായ അച്ഛൻ ബാബയുടെ സ്വാധീനം മൂലം നടപടി എടുത്തില്ലെന്നും യുവതി ആരോപിച്ചു.