ഒഡീഷ: ഒഡീഷയിലെ ബാലസോർ ജില്ലയിലെ സ്‌കൂളിലെ നൂറോളം വിദ‍്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് രോഗം ബാധിച്ചു. സിരാപൂരിലെ ഉദയനാരായൺ നോഡൽ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തിന്‍റെ ഭാഗമായി ചോറും കറിയും വിളമ്പി കുറച്ച് സമയത്തിന് ശേഷം, ഒരു വിദ‍്യാർഥി ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി, തുടർന്ന് സ്കൂൾ അധികൃതർ ഭക്ഷണം വിതരണം നിർത്തി വിദ്യാർഥികളോട് ഭക്ഷണം കഴിക്കരുതെന്ന് ആവശ‍്യപെട്ടു. തുടർന്ന് നിരവധി വിദ‍്യാർഥികൾക്ക് വയറുവേദനയും നെഞ്ചുവേദനയും അനുഭവപെട്ടു ഇവരെ സ്കൂൾ അധികൃതരുടെ സഹായത്തോടെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥികൾക്ക് ചികിത്സ നൽകുന്നതിനായി മെഡിക്കൽ സംഘം സ്‌കൂളിലെത്തി. വിദ്യാർഥികളെ പരിശോധിച്ച് മരുന്നുകൾ നൽകി. മരുന്ന് കഴിച്ചതിന് ശേഷവും നിരവധി വിദ‍്യാർഥികൾക്ക് ഛർദിയുണ്ടായി, തുടർന്ന് അവരെ തുടർ ചികിത്സയ്ക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് മാറ്റി.
സംഭവമറിഞ്ഞ് സ്‌കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങൾക്കൊപ്പം സ്ഥലം എംഎൽഎ മദബ് ദാദ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ സന്ദർശിച്ച് ദുരിതബാധിതരായ വിദ്യാർഥികളുടെ അവസ്ഥ വിലയിരുത്തി. ജില്ലാ വിദ‍്യാഭ‍്യാസ ഉദ‍്യോഗസ്ഥരെയും കളക്‌ടറെയും വിവരമറിയിച്ചിട്ടുണ്ടെന്ന് എംഎൽഎ വ‍്യക്തമാക്കി.
രോഗം ബാധിച്ച വിദ്യാർഥികൾ നിലവിൽ ചികിത്സയിലാണെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു, രോഗത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് ജില്ലാ ആസ്ഥാനത്ത് നിന്നുള്ള ആരോഗ്യ സംഘം അരിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ചികിത്സ തുടരുകയാണെന്ന് ആശുപത്രി ഇൻചാർജ് ഡോ. സത്യനാരായണ നായക് പറഞ്ഞു.