ദുബായ് വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസനം: അവസാന പാലം 30ന് തുറക്കും

ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ദുബായിലെ പ്രധാന സാമ്പത്തിക-വാണിജ്യ കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്
ദുബായ് വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസനം: അവസാന പാലം 30ന് തുറക്കും

ദുബായ് വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ അവസാനത്തെ പാലം.

Dubai RTA

Updated on: 

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ അവസാനത്തെ പാലം ഒക്റ്റോബർ 30ന് തുറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി. ദുബായ് ആർടിഎ ചെയർമാൻ മത്തർ അൽ തയറിന്‍റെ നേതൃത്വത്തിലാണ് സുപ്രധാന പദ്ധതി പൂർത്തീകരിച്ചത്. ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ദുബായിലെ പ്രധാന സാമ്പത്തിക-വാണിജ്യ കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

1,000 മീറ്റർ നീളമുള്ള ഈ പുതിയ ഇരുവരിപ്പാലത്തിന് മണിക്കൂറിൽ ഏകദേശം 3,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. അൽ മജ്‌ലിസ് തെരുവിൽ നിന്ന് സെക്കന്‍റ് ഡിസംബർ സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഈ പാലം ഏറെ പ്രയോജനപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.

ഈ പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ അൽ മജ്‌ലിസ് റോഡിൽ നിന്ന് രണ്ടാം ഡിസംബർ റോഡിലേക്കുള്ള യാത്രാസമയം ആറ് മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി കുറയും. 696 ദശലക്ഷം ദിർഹത്തിലധികം ചെലവഴിച്ചാണ് വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ പ്രധാന ജോലികൾ ആർ.ടി.എ പൂർത്തിയാക്കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ആകെ 5,000 മീറ്റർ നീളത്തിൽ അഞ്ച് പാലങ്ങളാണ് നിർമിച്ചിട്ടുള്ളത്.

ദുബായ് വേൾഡ് ട്രേഡ് സെന്‍റർ, ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ (DIFC), ഡൗൺടൗൺ ദുബായ് തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെ അഞ്ച് ലക്ഷത്തിലധികം വരുന്ന താമസക്കാർക്കും സന്ദർശകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി ഡയറക്റ്റർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്റ്റർമാരുടെ ചെയർമാനുമായ മത്തർ അൽ തയർ വ്യക്തമാക്കി. ഈ റോഡിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര പ്രദർശനങ്ങളും സമ്മേളനങ്ങളും നടക്കുന്ന വേൾഡ് ട്രേഡ് സെന്‍റർ, പ്രമുഖ ആഗോള സാമ്പത്തിക കേന്ദ്രമായ ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം ഇതിലൂടെ കൂടുതൽ സുഗമമാകും.

logo
Metro Vaartha
www.metrovaartha.com