
കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 മരണം; മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്
കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചതായി പ്രാദേശിക മാധ്യമ റിപ്പോർട്ട്. വ്യത്യസ്ത ആശുപത്രികളിലായാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും ഉണ്ടെന്നാണ് സൂചന. മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയിൽ ഇവർക്ക് മദ്യത്തിൽ നിന്നുമാണ് വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും പ്രാദേശിക അറബ് ദിന പത്രം റിപ്പോർട്ട് ചെയ്തത്.
വിഷ ബാധയേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഫർവാനിയ, അദാൻ ആശുപത്രികളിലായി 15 ഓളം പേരെ പ്രവാസികളെ പ്രവേശിപ്പിക്കുന്നത്. ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസങ്ങളിൽ ഇവരിൽ 10 പേരാണ് മരിച്ചത്. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് വിവരം.
നിരവധി പേർ ഗുരുതരാവസ്ഥയിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടും ഉണ്ട്. അഹമ്മദി ഗവര്‍ണറേറ്റിലും നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്. വ്യത്യസ്ത ദിവസങ്ങളിലായാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് കുവൈറ്റ് ഗവൺമെന്‍റോ അധികൃതരോ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.