സ്മാർട്ട് ആപ്പ് വഴി 10 വയസുകാരൻ പൊലീസിനെ അറിയിച്ചത് പിതാവിന്‍റെ ക്രൂരത: നടപടിയെടുത്ത് ദുബായ് പൊലീസ്

പിതാവിന്‍റെ ക്രൂരത മനസിനെ കൂടി ബാധിച്ചതോടെ കുട്ടിയുടെ പഠന നിലവാരം കുറഞ്ഞു.
10-year-old boy reported his father's cruelty to police via smart app: Dubai Police takes action

സ്മാർട്ട് ആപ്പ് വഴി 10 വയസുകാരൻ പൊലീസിനെ അറിയിച്ചത് പിതാവിന്‍റെ ക്രൂരത: നടപടിയെടുത്ത് ദുബായ് പൊലീസ്

Updated on

ദുബായ്: ദുബായ് പൊലീസിന്‍റെ സ്മാർട്ട് ആപ്പ് വഴി പത്ത് വയസുകാരൻ പങ്കുവെച്ചത് പിതാവിന്‍റെ ക്രൂരമായ മർദനത്തിന്‍റെ വിവരങ്ങൾ. കടുത്ത മർദനമേൽപ്പിച്ച ആഘാതം തന്നെ മാനസികമായി തളർത്തിയതിന്‍റെ അനുഭവം. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ദുബായ് പൊലീസിന്‍റെ ബാല-വനിതാ സംരക്ഷണ വകുപ്പ് നടപടി സ്വീകരിച്ചു. പിതാവ് തന്നെ ആവർത്തിച്ച് മർദിച്ചിരുന്നതായി കുട്ടി പറയുന്നു. ഇതെത്തുടർന്ന് ശരീരത്തിലുണ്ടായ മുറിവുകളും പാടുകളും സഹപാഠികളിൽ നിന്ന് മറയ്ക്കാൻ ശ്രമിച്ചു.

പിതാവിന്‍റെ ക്രൂരത മനസിനെ കൂടി ബാധിച്ചതോടെ കുട്ടിയുടെ പഠന നിലവാരം കുറഞ്ഞു. അപ്പോഴാണ് സ്കൂൾ അധികൃതരും സാമൂഹ്യ പ്രവർത്തകരും കുട്ടിയെ ശ്രദ്ധിക്കുന്നത്. സാമൂഹിക പ്രവർത്തകൻ കുട്ടിയുടെ ശരീരത്തിൽ ചതവുകൾ കണ്ടെത്തുകയും കുട്ടി മാനസികമായി തകർന്നുവെന്ന് മനസിലാക്കുകയും ചെയ്തു. സ്കൂൾ അധികൃതർ ഇക്കാര്യം ദുബായ് പൊലീസിനെ അറിയിച്ചു. മർദന വിവരം പുറത്തു പറഞ്ഞാൽ വീട്ടിൽ നിന്ന് കൂടുതൽ ശിക്ഷ ലഭിക്കുമെന്ന ഭയം കുട്ടിക്കുണ്ടായിരുന്നുവെന്നും അത് കൊണ്ട് തുടക്കത്തിൽ കാര്യങ്ങൾ തുറന്നുപറയാൻ കുട്ടി തയ്യാറായില്ലെന്നും ബാല വനിതാ സംരക്ഷണ വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്‍റ് കേണൽ ഡോ. അലി അൽ മത്രൂഷി പറഞ്ഞു.

സ്കൂൾ സാമൂഹിക പ്രവർത്തകൻ കുട്ടിയിൽ വിശ്വാസം വളർത്തിയെടുക്കുകയും പൊലീസിന്‍റെ സ്മാർട്ട് ആപ്പ് ഉപയോഗിക്കാൻ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുട്ടി ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ നടപടി സ്വീകരിച്ചുവെന്നും അൽ മത്രൂഷി പറഞ്ഞു. തുടർച്ചയായ പ്രഹരം അടിച്ചത് മൂലം മകൻ കൂടുതൽ കരുത്താനാവുമെന്നാണ് താൻ കരുതിയതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.

"കഠിനമായ ശിക്ഷണം ശക്തനായ ഒരു കുട്ടിയെ വളർത്തുമെന്ന് പിതാവ് കരുതി, പക്ഷേ അത് ഉണ്ടാക്കിയത് കനത്ത മാനസിക ആഘാതവും സാമൂഹികമായ ഒറ്റപ്പെടലുമാണ്," അൽ മത്രൂഷി ചൂണ്ടിക്കാട്ടി. പിതാവ് ചെയ്തത് നിയമപ്രകാരം ശിക്ഷാർഹമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. പിതാവ് തന്‍റെ രക്ഷാകർതൃ രീതി മാറ്റുമെന്ന് പ്രതിജ്ഞയെടുത്തതായി പൊലീസ് പറഞ്ഞു.

ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ ദുബായ് പൊലീസിന്‍റെ സ്മാർട്ട് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ അൽ ത്വാറിലെ ദുബായ് പൊലീസ് ആസ്ഥാനത്തെ ചൈൽഡ് ഒയാസിസ് സന്ദർശിച്ചോ അക്കാര്യം രഹസ്യമായി റിപ്പോർട്ട് ചെയ്യാമെന്ന് പൊലീസ് അറിയിച്ചു. രാജ്യത്ത് താമസിക്കുന്ന കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായുള്ള വദീമ നിയമമനുസരിച്ചാണ് ഇത്തരം ഘട്ടങ്ങളിൽ പൊലീസ് നടപടികൾ സ്വീകരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com