ദുബായ്: വേൾഡ് ഫ്രീ സോൺസ് ഓർഗനൈസേഷൻ (വേൾഡ് എഫ്ഇസെഡ്ഒ) ലോക കോൺഗ്രസിന്‍റെ പത്താം പതിപ്പിന് ദുബായ് ആതിഥേയത്വം വഹിക്കും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷകർതൃത്വത്തിൽ നാളെ (തിങ്കൾ) മുതൽ 25 വരെ മദീനത്ത് ജുമൈറ കോൺഫറൻസ് ആൻഡ് ഇവന്‍റ്സ് സെന്‍ററിലാണ് കോൺഗ്രസ് നടക്കുക.
ഈ വർഷത്തെ കോൺഗ്രസിൽ ആഗോള വിദഗ്ധർ, നയരൂപകർത്താക്കൾ, നിക്ഷേപകർ എന്നിവരുൾപ്പെടെ 35ലധികം പ്രമുഖ പ്രഭാഷകർ പങ്കെടുക്കും. 'സ്വതന്ത്ര മേഖലകളും മാറി വരുന്ന ആഗോള സാമ്പത്തിക ഘടനകളും പുതിയ നിക്ഷേപ വഴികൾ' എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം.
ആഗോള സമ്പദ് വ്യവസ്ഥയിൽ ഫ്രീ സോണുകളുടെ പങ്ക് വർധിപ്പിക്കുന്നതിന് ഉയർന്നു വരുന്ന സാങ്കേതിക വിദ്യകൾ, നവീകരണങ്ങൾ, തന്ത്രങ്ങൾ എന്നിവ എങ്ങനെ ഉപയോഗിക്കണമെന്ന് സമ്മേളനം ചർച്ച ചെയ്യും.
യുഎഇ വിദേശ വ്യാപാര സഹ മന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സിയൂദി, എഎഫ്സി. എഫ്ടിഎ സെക്രട്ടറി ജനറൽ വാംകെലെ മെനെ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന മന്ത്രിതല സമ്മേളനാവുമുണ്ടാകും.
യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, മുൻ ജർമൻ ചാൻസലർ ജെറാർഡ് ഷ്രോഡർ, സീമെൻസ് ചെയർമാൻ ജിം ഹാഗെമാൻ സ്നാബെ, മറ്റ് വിശിഷ്ട വ്യക്തികൾ രണ്ടാം ദിവസത്തെ ചടങ്ങിൽ പങ്കെടുക്കും.
ലോജിസ്റ്റിക്‌സ്, സാമ്പത്തികം, ഊർജം, നിർമ്മാണം, ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന അഞ്ച് പ്ലീനറി, എട്ട് സൈഡ് സ്ട്രീം സെഷനുകൾ കോൺഗ്രസ് അവതരിപ്പിക്കും.
ഇന്‍റർനാഷണൽ റോഡ് ട്രാൻസ്‌പോർട്ട് യൂണിയൻ പ്രസിഡന്‍റ് റാഡു ദിനെസ്‌കു, സീമെൻസ് ഡിജിറ്റൽ ഫാക്ടറി മുൻ സിഇഒ ഡോ. ജീൻ മൈക്കൽ മ്രുസെക് എന്നിവരും പ്രഭാഷകരാണ്.