
ഷാർജയിൽ 11 വൈദ്യുതി വിതരണ സബ് സ്റ്റേഷനുകൾ കൂടി വരുന്നു
ഷാർജ: ഷാർജയിലെ വൈദ്യുതി വിതരണം ശക്തിപ്പെടുത്തുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി 11 വൈദ്യുതി വിതരണ സബ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുമെന്ന് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി അറിയിച്ചു. 29.6 കോടി ദിർഹം ചെലവിട്ടാണ് 11 സബ് സ്റ്റേഷനുകൾ നിർമിക്കുക.
വൈദ്യുതി വിതരണ ശൃംഖലയുടെ കാര്യക്ഷമതയും സ്ഥിരതയും വർധിപ്പിക്കുന്നതിനൊപ്പം നഗര, സാമ്പത്തിക വികസനത്തെ പിന്തുണക്കുകയുമാണ് ലക്ഷ്യമെന്ന് സേവയുടെ പവർ ട്രാൻസ്മിഷൻ ഡിപ്പാർട്മെന്‍റ് ഡയറക്റ്റർ എൻജീനിയർ ഹമദ് അൽ തുനൈജി പറഞ്ഞു.
സമയബന്ധിതമായി സബ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തീകരിക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അന്താരാഷ്ട്ര മാർഗനിർദേശങ്ങളും അനുസരിച്ചായിരിക്കും നിർമാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.