

ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിൽ 12 മണിക്കൂർ വിൽപന വെള്ളിയാഴ്ച
representative image
ദുബായ്: ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയമായ 'ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ' (ഡിഎസ്എഫ്) വെള്ളി(26) രാവിലെ മുതൽ രാത്രി വരെ നീളുന്ന 12 മണിക്കൂർ വൻ വിൽപന നടക്കും. നഗരത്തിലുടനീളമുള്ള ആയിരത്തിലേറെ പ്രമുഖ ബ്രാൻഡുകളും 3500ലേറെ ഔട്ട്‌ലെറ്റുകളും കൈകോർക്കുന്ന ഈ ഷോപ്പിങ് മാമാങ്കത്തിൽ അവിശ്വസനീയമായ വിലക്കുറവും കോടികളുടെ സമ്മാനങ്ങളുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
മാജിദ് അൽ ഫുത്തൈം മാളുകളിലാണ് 26ന് രാവിലെ 10 മുതൽ രാത്രി 10 വരെ പ്രത്യേക വിൽപന നടക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം ബ്രാൻഡുകൾക്ക് 25 ശതമാനം മുതൽ 90 ശതമാനം വരെയാണ് ഈ സമയത്ത് ഇളവ് നൽകുന്നത്. മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്‍റർ മിർദിഫ്, സിറ്റി സെന്‍റർ ദെയ്റ, സിറ്റി സെന്‍റർ മൈസിം, സിറ്റി സെന്‍റർ അൽ ഷിന്ദഗ, മൈ സിറ്റി സെന്‍റർ അൽ ബർഷ എന്നിവിടങ്ങളിൽ ഈ ആനുകൂല്യം ലഭിക്കും.
ഫെബ്രുവരി 1 വരെ നീളുന്ന 'ഷോപ്പ്, സ്കാൻ ആൻഡ് വിൻ' പദ്ധതിയിലൂടെ ആഴ്ചതോറും അഞ്ച് നിസാൻ പെട്രോൾ എസ്ഇടി2 2026 മോഡൽ കാറുകളാണ് സമ്മാനമായി നൽകുന്നത്. 300 ദിർഹമോ അതിലധികമോ രൂപയ്ക്ക് ഷോപ്പിങ് നടത്തുന്നവർക്ക് ബില്ലിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് നറുക്കെടുപ്പിൽ പങ്കാളികളാകാം.
മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്‍റർ മിർദിഫ്, ദെയ്റ എന്നിവിടങ്ങളിൽ നിന്ന് 300 ദിർഹത്തിന് ഷോപ്പിങ് നടത്തി റസീപ്റ്റുകൾ ഷെയർ (SHARE) ആപ്പിൽ സ്കാൻ ചെയ്യുന്നവർക്ക് 'ഷെയർ മില്യണയർ' ആകാനും 10 ലക്ഷം ദിർഹം ക്യാഷ് പ്രൈസ് നേടാനും അവസരമുണ്ട്.
വെള്ളിയാഴ്ച തുടങ്ങുന്ന പ്രധാന സെയിൽ അഞ്ചാഴ്ചയോളം നീണ്ടുനിൽക്കും. ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കുട്ടികൾക്കുള്ള ഉൽപ്പന്നങ്ങ പ്രാദേശിക-അന്തർദേശീയ ബ്രാൻഡുകളുടെ വിപുലമായ ശേഖരം കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സ്വദേശികൾക്കും വിദേശികൾക്കും സഞ്ചാരികൾക്കും ഒരുപോലെ മികച്ച അവസരമാണ് ഈ മാസം 5ന് ആരംഭിച്ച് 2026 ജനുവരി 11 വരെ നീണ്ടുനിൽക്കുന്ന ഡിഎസ്എഫ് ഒരുക്കുന്നത്.