
ഡെലിവറി ബൈക്ക് റൈഡർമാർക്കായി ദുബായിൽ 15 പുതിയ എസി വിശ്രമ കേന്ദ്രങ്ങൾ കൂടി
ദുബായ്: ദുബായിലെ പ്രധാന ബസ്, മെട്രൊ സ്റ്റേഷനുകളിൽ ഡെലിവറി ബൈക്ക് യാത്രക്കാർക്ക് 15 പുതിയ ശീതീകരിച്ച വിശ്രമകേന്ദ്രങ്ങൾ കൂടി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സ്ഥാപിച്ചു. സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12.30 മുതൽ 3 മണി വരെയുള്ള വിശ്രമ ഇടവേളയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് അവശ്യ സേവനങ്ങളും സുഖസൗകര്യങ്ങളും നൽകാനുമുള്ള ആർ.ടി.എയുടെ നയത്തിന്‍റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്.
എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിലായി 40 സ്ഥിരം വിശ്രമ കേന്ദ്രങ്ങൾ നേരത്തെ സ്ഥാപിച്ചിരുന്നു. വാട്ടർ ഡിസ്പെൻസറുകൾ, മൊബൈൽ ഫോൺ ചാർജിംഗ് സ്റ്റേഷനുകൾ, മോട്ടോർ ബൈക്കുകൾക്കായി വിശാലമായ പാർക്കിംഗ് സൗകര്യം തുടങ്ങിയവ ഷെൽട്ടറുകളിൽ സജ്ജീകരിച്ചിരിക്കുന്നു. പുതുതായി സ്ഥാപിച്ച താൽക്കാലിക വിശ്രമ കേന്ദ്രങ്ങളിൽ 'ഡെലിവെറൂ' കമ്പനിയുമായി സഹകരിച്ച് യു.എ.ഇ ഫുഡ് ബാങ്ക് സഹകരണത്തോടെ 7,500ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്.
ഗോൾഡ് സൂഖ്, അൽ സത്‍വ, അൽ ജാഫിലിയ, ഔദ് മേത്ത എന്നീ ബസ് സ്റ്റേഷനുകളിലാണ് പുതിയ വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷൻ എക്സിറ്റുകളിലും താൽക്കാലിക വിശ്രമ കേന്ദ്രങ്ങളുണ്ട്. ഇ& (ഇത്തിസാലാത്ത് മെട്രോ സ്റ്റേഷൻ എക്സിറ്റ് 1), അൽ ഖിസൈസ് (എക്സിറ്റ് 1, 2), എമിറേറ്റ്സ് ടവേഴ്സ് (എക്സിറ്റ് 1), ഇൻഷുറൻസ് മാർക്കറ്റ് (എക്സിറ്റ് 2), സെന്‍റർ പോയിന്‍റ് (എക്സിറ്റ് 1), അൽ ഫുർജാൻ (എക്സിറ്റ് 1), ബിസിനസ് ബേ (എക്സിറ്റ് 2), ഡി.എം.സി.സി (എക്സിറ്റ് 2), എ.ഡി.സി.ബി (എക്സിറ്റ് 2), ബർജുമാൻ (എക്സിറ്റ് 4) എന്നിവിടങ്ങളിലും വിശ്രമ കേന്ദ്രങ്ങളുണ്ട്.