

അബുദാബിയിൽ പുതിയ 16 പൊതുപാർക്കുകൾ തുറന്നു
അബുദാബി: അബുദാബിയിൽ നഗര ഗതാഗതവകുപ്പ് അൽ ഷംഖ ജില്ലയിലുടനീളം 16 പുതിയ പൊതു പാർക്കുകൾ തുറന്നു. താമസമേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പാർക്കുകൾ കുടുംബങ്ങൾക്കും താമസക്കാർക്കും സേവനം നൽകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിശാലമായ പുൽത്തകിടികൾ, എട്ട് ഔട്ട്‌ഡോർ ഫിറ്റ്‌നസ് സോണുകൾ, 25 കളി മൈതാനങ്ങൾ, 26 കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. നടത്ത ട്രാക്കുകൾ, തണൽ ഇരിപ്പിടങ്ങൾ, പൊതു ഇടങ്ങൾ എന്നിവയും സംയോജിപ്പിച്ചിരിക്കുന്നു.
വിശ്രമം, സാമൂഹികവത്കരണം, ഔട്ട്ഡോർ പ്രവർത്തനങ്ങൾ എന്നിവക്കായി സുരക്ഷിതവും സ്വാഗതാർഹവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് അൽ ഷംഖയിലെ പാർക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വകുപ്പിന് കീഴിലുള്ള ക്യാപിറ്റൽ പ്രോജക്ട്സ് എക്സിക്യൂഷൻ മേധാവി എൻജിനീയർ ഖലീഫ അബ്ദുല്ല അൽകെംസി പറഞ്ഞു.