
അബൂദബി: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്‍റെ രക്ഷാകർതൃത്വത്തിൽ നടത്തുന്ന അൽ ദഫ്‌റ ഫെസ്റ്റിവലിന്‍റെ 18-ാമത് പതിപ്പിന് ഈ മാസം 21 ന് തുടക്കമാവും. അബൂദബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന പരിപാടി 2025 ജനുവരി 30 ന് അവസാനിക്കും. സ്വൈഹാൻ മസൈനയടക്കം നാല് ഒട്ടക മസൈന പരിപാടികളാണ് ദഫ്‌റ ഫെസ്റ്റിവലിലുണ്ടാവുക.
നവംബർ 14 മുതൽ 21 വരെ റസീൻ മസൈനയും, ഡിസംബർ 12 മുതൽ 20 വരെ മദീനത്ത് സായിദ് മസൈനയും നടക്കും. 2025 ജനുവരി 11 മുതൽ 30 വരെയുള്ള മസൈനകളോടെയാണ് അൽ ദഫ്ര ഫെസ്റ്റിവൽ സമാപിക്കുക. ഒട്ടക മസയ്‌ന, മഹലിബ് (പാൽ കറക്കൽ) മത്സരങ്ങളിൽ 361 റൗണ്ടുകളിലായി 3460 സമ്മാനങ്ങൾ നൽകും.
ഫെസ്റ്റിവലിന്‍റെ അവസാന ഘട്ടത്തിൽ വിവിധ പൈതൃക മത്സരങ്ങളും നടത്തും. ഫാൽകൺറി മത്സരം, ഫാൽകൺ സൗന്ദര്യ മത്സരം, അറേബ്യൻ സലൂക്കി സൗന്ദര്യ മത്സരം, പരമ്പരാഗത അറേബ്യൻ സലൂക്കി റേസ്, അറേബ്യൻ കുതിരപ്പന്തയം, അൽ നഈം ആടുകളുടെ സൗന്ദര്യ മത്സരം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, ഈത്തപ്പഴ പാക്കേജിംഗ് മത്സരങ്ങൾ, ഷൂട്ടിംഗ് മത്സരം, പാചക മത്സരങ്ങൾ, ഒട്ടക സിറ്റിംഗ് മത്സരം എന്നിവയുമുണ്ടാകും. സന്ദർശകർക്ക് അൽ ദഫ്ര പരമ്പരാഗത സൂഖിലെ നിരവധി പൈതൃക-സാംസ്കാരിക പരിപാടികളും കാണാം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള പവലിയനുകൾ, വിവിധ ഔട്ട്ഡോർ മാർക്കറ്റുകൾ എന്നിവ കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.