

റെയിൽ എക്സ് ദുബായ് കോൺഫറൻസും പ്രദർശനവും 2027ൽ
ദുബായ്: റെയിൽ, സംയോജിത ഗതാഗത മേഖലയുടെ ഭാവി വളർച്ച ലക്ഷ്യമിട്ട് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) സംഘടിപ്പിക്കുന്ന പ്രഥമ 'റെയിൽ എക്സ് ദുബായ്' കോൺഫറൻസും പ്രദർശനവും 2027 മെയ് 31 മുതൽ ജൂൺ 2 വരെ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടത്തും.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.
"റെയിൽവേയുടെയും ഗതാഗതത്തിന്‍റെയും ഭാവി നിർമിതി" എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 5,000-ത്തിലധികം പ്രതിനിധികളും 60-ലധികം മുൻനിര അന്താരാഷ്ട്ര കമ്പനികളും 70-ലധികം വിദഗ്ധ പ്രഭാഷകരും പങ്കെടുക്കുമെന്ന് ആർടിഎ ഡയറക്റ്റർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്റ്റേഴ്‌സ് ചെയർമാനുമായ മത്താർ അൽ തായർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഒന്നാം സംഘാടക പങ്കാളിയായ ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷന്‍റെ മിഡിൽ ഈസ്റ്റ് റീജിയണൽ കൊമേഴ്‌ഷ്യൽ ഡയറക്റ്റർ ഡെങ് വെയ്, ആർ.ടി.എ റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മൊഹ്‌സിൻ കൽബത്ത്, എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് സെക്ടർ സി.ഇ.ഒയും ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ മോസ അൽ മർറി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ആഗോള വ്യാപാര-ഗതാഗത കണ്ണിയെന്ന നിലയിൽ ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഈ സമ്മേളനം സഹായിക്കുമെന്ന് മത്താർ അൽ തായർ പറഞ്ഞു.
നിലവിൽ ദുബായ് മെട്രോയും ട്രാമും ഉൾപ്പെടെയുള്ള ആധുനിക ഗതാഗത സംവിധാനങ്ങൾ നഗരത്തിലെ പൊതുഗതാഗത ഉപയോഗത്തിന്‍റെ 40 ശതമാനവും നിർവ്വഹിക്കുന്നുണ്ടെന്നും 2009-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം 300 കോടിയോളം യാത്രക്കാരാണ് ദുബായ് മെട്രോ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
55 ശതകോടി ദിർഹത്തിന്‍റെ മെട്രോ വികസനംദുബായ് മെട്രോയുടെ നിലവിലെ ബ്ലൂ ലൈൻ നിർമ്മാണത്തിന് പുറമെ ഗ്രാന്‍റ് ഗോൾഡ് ലൈൻ പ്രൊജക്റ്റിനായുള്ള ടെൻഡറുകൾ ഈ വർഷാവസാനത്തോടെ ക്ഷണിക്കുമെന്നും അൽ തായർ അറിയിച്ചു.
5 ശതകോടി ദിർഹം ചിലവ് പ്രതീക്ഷിക്കുന്ന ഈ രണ്ട് പദ്ധതികളും പൂർത്തിയാകുന്നതോടെ നിലവിലെ 90 കിലോമീറ്റർ മെട്രോ ശൃംഖല 162 കിലോമീറ്ററായി ഉയരും. 2029-ൽ ബ്ലൂ ലൈനും 2032-ൽ ഗോൾഡ് ലൈനും പ്രവർത്തനസജ്ജമാകും. റീച്ച്, അഡ്വാൻസ്, ഇൻവെസ്റ്റ്, ലിങ്ക്, എക്സ്-പീരിയൻസ് എന്നീ അഞ്ച് ആശയങ്ങളിലൂന്നിയാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്.