റാസൽഖൈമയിലെ വിമാനാപകടത്തിൽ മരിച്ച ഇന്ത്യൻ ഡോക്റ്റർക്ക് ആദരമായി ഉഗാണ്ടയിൽ രണ്ട് പള്ളികൾ നിർമിക്കുന്നു

വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി 2024 ഡിസംബർ 26 ന് റാസൽഖൈമയിൽ ചെറുവിമാനത്തിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം ഉണ്ടായത്
2 mosques to be built in Uganda in honour of Indian doctor who died in Ras Al Khaimah plane crash

സുലൈമാൻ അൽ മജീദ്

Updated on

ദുബായ്: യുഎഇ സന്ദർശനത്തിനിടെ റാസൽഖൈമയിൽ ഉണ്ടായ വിമാനാപകടത്തിൽ മരിച്ച ഇന്ത്യൻ ഡോക്റ്റർ സുലൈമാൻ അൽ മജീദിന്‍റെ സ്മരണക്കായി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരും സമാഹരിച്ച തുക കൊണ്ട് ഉഗാണ്ടയിൽ രണ്ട് പള്ളികൾ നിർമിക്കുന്നു.

യുകെയിലെ ഡർഹാം കൗണ്ടിയിലും ഡാർലിംഗ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലും ക്ലിനിക്കൽ ഫെലോയായ 26 കാരൻ ഡോ. സുലൈമാൻ അൽ മജീദ് കുടുബാംഗങ്ങളെ സന്ദർശിക്കുന്നതിനാണ് യുഎഇയിലെത്തിയത്.

വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി 2024 ഡിസംബർ 26 ന് റാസൽഖൈമയിൽ ചെറുവിമാനത്തിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ പാക്കിസ്ഥാൻ സ്വദേശിയായ ക്യാപ്റ്റൻ ഫ്രിൻസയും മരിച്ചു.

യുകെയിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഡോ. സുലൈമാൻ അൽ മജീദിന്‍റെ സ്മരണയ്ക്കായി ഒരു ചാരിറ്റി ക‍്യാംപെയ്ൻ ആരംഭിക്കുകയും യുകെ ആസ്ഥാനമായുള്ള മാനുഷിക സംഘടനയായ വൺ നേഷൻ വഴി ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. ഉഗാണ്ടയിൽ ഒരു പള്ളി നിർമിക്കാൻ ആവശ്യമായ തുക സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധന ശേഖരണം തുടങ്ങിയതെങ്കിലും രണ്ട് പള്ളികൾ പണിയാൻ ആവശ്യമായ തുക ലഭിച്ചു.

സെൻട്രൽ ലങ്കാഷയർ സർവകലാശാലയിൽ പഠിക്കുമ്പോൾ സ്കൂൾ ഓഫ് മെഡിസിൻ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച സുലൈമാൻ യുകെയിലെ വൈദ്യ ശാസ്ത്ര രംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ഡോക്റ്ററായിരുന്നു. ജൂനിയർ ഡോക്റ്റർമാരുടെ ശമ്പളത്തിനും ക്ഷേമത്തിനും വേണ്ടി വാദിച്ചു. പലസ്തീൻ സ്വദേശികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി. മകന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരും കാണിച്ച സ്നേഹത്തിൽ കുടുംബാംഗങ്ങൾ വളരെയധികം വികാരഭരിതരാണെന്ന് അദ്ദേഹത്തിന്‍റെ പിതാവ് മജീദ് മുഖറാം പറഞ്ഞു. അടുത്ത വർഷം ഹജ്ജിന് മുമ്പ് ഉഗാണ്ടയിലെ പള്ളികളുടെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com