ദുബായ്: യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസ് ഈ മാസം ഇന്ത്യയിലേക്കുള്ള പറക്കലിന്‍റെ ഇരുപതാം വാർഷികം ആഘോഷിക്കുന്നു. ഇത്തിഹാദ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് 2004 സെപ്തംബർ 26നാണു ആദ്യ സർവീസ് ആരംഭിച്ചത്. തുടർന്ന് 2004 ഡിസംബർ 1ന് ന്യൂ ഡൽഹിയിലേക്കും സർവിസ് തുടങ്ങി.
തുടർന്നുള്ള വർഷങ്ങളിൽ ഇത്തിഹാദിന്‍റെ ശൃംഖല ഗണ്യമായി വികസിക്കുകയും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേയ്‌ക്കും ഫ്‌ളൈറ്റുകൾ ആരംഭിക്കുകയും ചെയ്തു. ഈ വർഷം ആദ്യം ജയ്പൂരിലേക്കും ഇത്തിഹാദ് സർവിസ് തുടങ്ങി. ഇപ്പോൾ ഇന്ത്യയിലെ 11 കേന്ദ്രങ്ങളിലേക്ക് ഇത്തിഹാദ് പറക്കുന്നു.
അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് അധിക ഫ്ലൈറ്റ് ഫ്രീക്വൻസികൾ സഹിതം ഇത്തിഹാദ് ഈ വർഷം അബുദാബിക്കും ഇന്ത്യക്കും ഇടയിലുള്ള സീറ്റ് ശേഷി വിപുലീകരിച്ചു.
കഴിഞ്ഞ വേനൽക്കാലത്തെ അപേക്ഷിച്ച് ഇത്തിഹാദ് ഇപ്പോൾ ഇന്ത്യയിലേക്ക് ആഴ്ചയിൽ 50ലധികം അധിക സർവീസുകൾ നടത്തുന്നു. കൂടുതൽ സൗകര്യപ്രദമായ പുറപ്പെടൽ സമയമായതിനാൽ സൗകര്യ പ്രദമായ കണക്ഷൻ ഫ്‌ളൈറ്റുകൾ ലഭിക്കുകയും ചെയ്യുന്നു.
ഇന്ത്യ ഇത്തിഹാദിന് തന്ത്രപരമായി പ്രധാനപ്പെട്ട വിപണിയാണെന്നും, ഈ രാജ്യത്തേക്ക് പറന്നതിന്‍റെ 20 വർഷം ആഘോഷിക്കുന്നതിൽ തങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും ഇത്തിഹാദ് എയർവേയ്‌സിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അന്‍റൊണാൾഡോ നെവ്സ് പറഞ്ഞു. 2030ഓടെആഗോള തലത്തിൽ 125 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുക എന്നതാണ് ഇത്തിഹാദിന്‍റെ ലക്ഷ്യം.