അബുദാബി: അടുത്ത വർഷം നടക്കുന്ന 34-ാംമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവ ദിനങ്ങൾ 10 ദിവസം കൂടി നീട്ടുമെന്ന് (ഏപ്രിൽ 26 മുതൽ മെയ് 5 വരെ) അബുദാബി അറബിക് ലാംഗ്വേജ് സെന്‍റർ (എ.എൽ.സി)അറിയിച്ചു. ദേശീയ വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. സാംസ്കാരിക വിനിമയം വർധിപ്പിക്കാനും പ്രാദേശിക-അറബ് രചയിതാക്കൾക്ക് അന്താരാഷ്ട്ര പ്രസാധകരുമായി ബന്ധപ്പെടാൻ അവസരമൊരുക്കാനും ഇത് മുഖേന സാധ്യമാണെന്നും എ.എൽ.സി നിരീക്ഷിച്ചു.
മേളക്കെത്തുന്ന പ്രദർശകർക്കും സന്ദർശകർക്കും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിദ്യാഭ്യാസ പരിപാടികൾ വിപുലീകരിക്കാനുമായി അടിസ്ഥാന സൗകര്യങ്ങൾ കൂട്ടും.10 മുതൽ 12 വരെ ദിവസം നീളുന്ന പ്രാദേശിക എക്സിബിഷൻ പുസ്തകോത്സവത്തിന്‍റെ ഭാഗമായുണ്ടാകും. മേള ദിനങ്ങൾ കൂട്ടുന്നത് പ്രാദേശികവും അന്തർദേശീയവുമായ മത്സരക്ഷമത ശക്തിപ്പെടുത്തുമെന്നും സന്ദർശകർക്കും പ്രദർശകർക്കും സാംസ്കാരിക പരിപാടിയിൽ നിന്ന് കൂടുതൽ പ്രയോജനം നേടാൻ അവസരമൊരുക്കുമെന്നും എ.എൽ.സി ചെയർമാൻ ഡോ. അലി ബിൻ തമീം പറഞ്ഞു.
സെമിനാറുകൾ, എഴുത്തുകാർ കയ്യൊപ്പു ചാർത്തി പുസ്തകങ്ങൾ കൈമാറൽ, ശില്പശാലകൾ എന്നിവയുൾപ്പെടെ വിപുലമായ സാംസ്‌കാരിക പരിപാടികൾ നടത്താൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.