
റിയാദ്: സൗദി അറേബ്യയിൽ വിവിധ സംഭവങ്ങളിലായി മൂന്ന് മലയാളികൾ ഒരേ ദിവസം മരിച്ചു. കോഴിക്കോട് അടിവാരം അനിക്കത്തൊടിയിൽ നൗഫൽ (38), പട്ടാമ്പി കൊപ്പം ചിരങ്ങാംതൊടി ഹനീഫ (44), കാസർഗോഡ് തൃക്കരിപ്പൂർ മാവിലാകടപ്പുറം സ്വദേശി ഇബ്രാഹിംകുട്ടി (62) എന്നിവരാണ് മരിച്ചത്.
ഹൃദാഘാതത്തെത്തുടർന്ന് റിയാദ് എക്സിറ്റ് 8ലുള്ള സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു നൗഫൽ. മുഹമ്മദ്, ആമിന എന്നിവരുടെ മകനാണ്. ഭാര്യ സഫ്ന. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
കാർ പാർക്ക് ചെയ്യുന്നതിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് ഹനീഫ മരിച്ചത്. സ്പോൺസറുടെ കുട്ടികളെ റിയാദിലെ സ്കൂളിൽ നിന്ന് കൊണ്ടുവരാൻ പോയ സമയത്ത് പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരണം സംഭവിച്ചു. പരേതരായ മരക്കാരുടെയും ഖദീജയുടെയും മകനാണ്. ഭാര്യ സാജിദ, മക്കൾ: ഷിബിൻ, ഷിബിൽ, അനസ്. മൃതദേഹം നാട്ടിലെത്തിക്കും.
ഉംറയ്ക്ക് സൗദി അറേബ്യയിലെത്തിയ ഇബ്രാഹിംകുട്ടിയുടെ മരണം ജിദ്ദയിലായിരുന്നു. ഭാര്യ ഖൗലത്തിനൊപ്പം കഴിഞ്ഞ ആഴ്ചയാണ് സൗദിയിലെത്തിയത്. മക്കൾ: ജാഫർ, നൗഫൽ, റഹീന, റസീന.