ദുബായ്: സന്നദ്ധ സേവനം കൂടുതൽ സജീവമാക്കാനുള്ള പദ്ധതികളുമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. 2001 മുതൽ 2024 വരെയുള്ള കാലയളവിൽ 30000 മണിക്കൂർ സേവന പ്രവർത്തനമാണ് ജിഡിആർഎഫ്എ ജീവനക്കാർ നടത്തിയത്. 2332 ജീവനക്കാർ ഈ പദ്ധതിയുടെ ഭാഗമായി. 65 വ്യത്യസ്ത സംരംഭങ്ങളിൽ ഇവർ പങ്കാളികളായി.
സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ഇയർ ഓഫ് വോളന്‍റിയറിംഗ് 2024 എന്ന പേരിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത് വഴി വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാർ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
സാമൂഹിക ഉത്തരവാദിത്തം എന്നത് ജിഡിആർഎഫ്എയുടെ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നാണ്. ഈ പദ്ധതിയിലൂടെ ജീവനക്കാരുടെ കഴിവുകളും സാമൂഹിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളും പ്രയോജനപ്പെടുത്തുന്നുവെന്ന് മേധാവി ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ജിഡിആർഎഫ്എ ജീവനക്കാർ വിവിധ മീറ്റിംഗുകളുടെയും കോൺഫറൻസുകളുടെയും മേൽനോട്ടം വഹിക്കുന്നു. റമദാൻ കൂടാരം, സായിദ് ഹ്യൂമാനിറ്റേറിയൻ ദിനം, അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങൾ തുടങ്ങിയ കമ്മ്യൂണിറ്റി, മാനുഷിക പദ്ധതികളിലും അവർ സജീവമായി പങ്കെടുക്കുന്നു.
പ്രത്യേക ഗ്രൂപ്പുകളുടെ മാനുഷിക ആവശ്യങ്ങൾ പിന്തുണയ്ക്കുന്നതിനും അടിയന്തര സാഹചര്യങ്ങളോടും ദുരന്തങ്ങളോടും പ്രതികരിക്കുന്നതിനും ജീവനക്കാർ എപ്പോഴും സദാ സേവന സജ്ജരാണെന്ന് അധികൃതർ അറിയിച്ചു.
ജിഡിആർഎഫ്എ മാർക്കറ്റിംഗ് ആന്‍റ് ഗവൺമെന്‍റ് കമ്മ്യൂണിക്കേഷൻ വകുപ്പിലെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി വിഭാഗമാണ് സന്നദ്ധപ്രവർത്തനങ്ങൾ പ്രധാനമായും ഏകോപിക്കുന്നത്.