
ദുബായ് കോടതികളിൽ 35 ജഡ്ജിമാർ ചുമതലയേറ്റു
ദുബായ്: ദുബായ് കോടതികളിലെ 35 പുതിയ ജഡ്ജിമാർ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദുബായ് യൂണിയൻ ഹൗസിലെ അൽ മുദൈഫ് മജ്‌ലിസിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ.
സാമൂഹിക സ്ഥിരത ഉറപ്പാക്കാനും, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സ്വതന്ത്രമായ ജുഡീഷ്യറി അനിവാര്യമാണെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. നിയമ വാഴ്ച ഉയർത്തിപ്പിടിക്കുന്നതിലും, നീതി നടപ്പാക്കുന്നതിലും, ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിലും ജഡ്ജിമാരുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് റൂളേഴ്‌സ് കോർട്ട് ഡയറക്ടർ ജനറലും ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ മുഹമ്മദ് ഇബ്രാഹിം അൽ ശൈബാനി, ദുബായ് കോർട്സ് ഡയറക്ടർ ജനറൽ ഡോ. സൈഫ് ഗാനിം അൽ സുവൈദി, ദുബായ് ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ല സെയ്ഫ് അൽ സബൂസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.