ഷാർജ: റോളയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്ന് വെള്ളത്തിലേക്ക് വീണ് അപകടം. സംഭവത്തിൽ നാല് യുവാക്കൾ മരിച്ചു. സിറിയൻ സ്വദേശികളായ മൂന്ന് പേരും ഈജിപ്തുകാരനുമാണ് മരിച്ചത്. 21 നും 27 നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. കഴിഞ്ഞ ദിവസം പുലർച്ചെ 2.45 ന് സെൻട്രൽ മാർക്കറ്റിനും അൽ ജുബൈൽ സുഖിനും സമീപം ഖാലിദ സ്ട്രീറ്റിലെ പാലത്തിലാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേർ അപകടസ്ഥലത്തും ഒരാൾ അൽ ഖാസിമി ആശുപത്രിയിലുമാണ് മരിച്ചത്.
അപകടം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നവർ വിവരം അറിയിച്ചതനുസരിച്ച് മാരിടൈം റെസ്ക്യൂ സംഘങ്ങളും പൊലീസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളത്തിൽ വീണ കാറിന്‍റെ വാതിൽ പെട്ടെന്ന് തുറക്കാൻ കഴിയാതിരുന്നത് മൂലമാണ് രക്ഷാപ്രവർത്തനം വൈകിയത്. അമിത വേഗവും അശ്രദ്ധയുമാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. നിരത്തുകളിൽ വേഗപരിധി കൃത്യമായി പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങളെ ഷാർജ പൊലിസ് ജനറൽ കമാൻഡ് അനുശോചനം അറിയിച്ചു.