

ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പുരസ്‌കാരം സമ്മാനിച്ചു.
ദുബായ്: വിസ നിയമങ്ങളും താമസ നടപടികളും സംബന്ധിച്ച ആധികാരിക വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ ശ്രദ്ധേയനായ ലഫ്റ്റനന്‍റ് കേണൽ സാലിം മുഹമ്മദ് ബിൻ അലിക്ക് മികച്ച ഔദ്യോഗിക വക്താവിനുള്ള പുരസ്‌കാരം. പതിമൂന്നാം ഷാർജ ഗവൺമെന്‍റ് കമ്യൂണിക്കേഷൻ അവാർഡ്‌സിലെ വ്യക്തിഗത പുരസ്‌കാര വിഭാഗത്തിലാണ് ദുബായ് ജിഡിആർഎഫ്എ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്.
ഷാർജ ഷെറാട്ടൺ ഹോട്ടലിൽ നടത്തിയ ചടങ്ങിൽ ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പുരസ്‌കാരം സമ്മാനിച്ചു. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്കിടയിലും പൊതുമാപ്പ് സമയങ്ങളിലും വിസാ–താമസ നടപടികളെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തത നൽകിയ ഉദ്യോഗസ്ഥനാണ് ലെഫ്. കേണൽ സാലിം ബിൻ അലി. സേവനങ്ങൾ ലഭ്യമാകുന്ന മാർഗങ്ങളും താമസരേഖകൾ ക്രമപ്പെടുത്താനുള്ള നടപടികളും വിശദീകരിച്ച് പ്രവാസികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിൽ അദ്ദേഹം സജീവ പങ്കുവഹിച്ചു.
സർക്കാർ സ്ഥാപനങ്ങളുടെ നയങ്ങളും സേവനങ്ങളും ജനങ്ങൾക്കും മാധ്യമങ്ങൾക്കും വ്യക്തമായും കൃത്യമായും വിശദീകരിക്കുന്ന ഉദ്യോഗസ്ഥരെയാണ് ‘മികച്ച ഔദ്യോഗിക വക്താവ്’ -വിഭാഗത്തിൽ ആദരിക്കുന്നതെന്ന് ഷാർജ ഗവൺമെന്‍റ് മീഡിയ ബ്യൂറോ വ്യക്തമാക്കി.
അംഗീകാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് സാലിം ബിൻ അലി പറഞ്ഞു. ഔദ്യോഗിക ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ പുരസ്‌കാരം കൂടുതൽ മികവോടെ പ്രവർത്തിക്കാനും രാജ്യത്തിന്‍റെ യശസ്സ് ഉയർത്തുന്ന നേട്ടങ്ങൾ കൈവരിക്കാനുമുള്ള പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.