സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിനു തിരികൊളുത്താം; ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ ജനുവരി 16 - 18 വരെ ദുബായിൽ

അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷഞൊടനുബന്ധിച്ച് ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്‍റെ നേതൃത്വത്തിൽ കൊച്ചിയിൽ പത്രസമ്മേളനം നടന്നു
5th Biennial Global Convention to be held in Dubai from January 16-18

കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിന്ന്

Updated on

കൊച്ചി: ലോകത്തിലെ 167 രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രമുഖ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്‍റെ (ഡബ്ള്യുഎംഎഫ്) അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ 2026 ജനുവരി 16, 17, 18 തീയതികളിൽ ദുബായിൽ വെച്ച് നടക്കും. അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷഞൊടനുബന്ധിച്ച് ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്‍റെ നേതൃത്വത്തിൽ കൊച്ചിയിൽ പത്രസമ്മേളനം നടന്നു. ദുബായ് ദേയ്റയിലെ ക്രൗൺ പ്ലാസ ഹോട്ടലാണ് മൂന്ന് ദിവസത്തെ ഈ ആഗോള സംഗമത്തിന് വേദിയാകുന്നത്.

സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിനു തിരികൊളുത്താം എന്നതാണ് ഇത്തവണത്തെ കൺവെൻഷന്‍റെ പ്രമേയം. ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും അവരിലൂടെ കേരളത്തിന്‍റെ വികസനത്തിനും പ്രവാസി ക്ഷേമത്തിനുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് കൺവെൻഷൻ ലക്ഷ്യമിടുന്നത് എന്ന് ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പറഞ്ഞു.

2016 ൽ ഓസ്ട്രിയയിലെ വിയന്നയിൽ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച വേൾഡ് മലയാളി ഫെഡറേഷൻ കഴിഞ്ഞ പത്തു വർഷമായി നിരവധി ജീവകരുണ്യ - സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു. കോവിഡ്, 2018 ലെ വെള്ളപ്പൊക്കം, റഷ്യ യുക്രയിൻ യുദ്ധം ഈ സാഹചര്യങ്ങളിലൊക്കെ തന്നെ വേൾഡ് മലയാളി ഫെഡറേഷൻ സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. യുക്രൈനിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സഹായമെത്തിച്ചതിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം വേൾഡ് മലയാളി ഫെഡറേഷന് ലഭിച്ചു.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി വേൾഡ് മലയാളി ഫെഡറേഷൻ നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം കൺവെൻഷൻ വേദിയിൽ വെച്ച് നടക്കും. ഡബ്ല്യുഎംഎഫിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്ത ഈ ഭവന പദ്ധതി സംഘടനയുടെ ഏറ്റവും അഭിമാനകരമായ പ്രോജക്റ്റുകളിൽ ഒന്നാണ്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളാകും. കൂടാതെ ഡോ. മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ് കുളങ്ങര, സയ്യിദ് മുനവ്വറലി തങ്ങൾ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. കലാരംഗത്തുനിന്ന് ചലച്ചിത്ര നടി ആശ ശരത്, മിഥുൻ രമേഷ് എന്നിവരും വിവിധ ജനപ്രതിനിധികളും വ്യവസായ പ്രമുഖരും സാംസ്കാരിക നേതാക്കളും 167 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും.

പ്രമുഖ പ്രവാസി മലയാളികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ "ഗ്ലോബൽ ഐക്കൺസ്" എന്ന പ്രീമിയം ഡയറക്ടറിയുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ നിർവ്വഹിക്കും. ആഗോളതലത്തിൽ ശ്രദ്ധേയരായ മലയാളികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഡയറക്ടറി പ്രവാസി സമൂഹത്തിന് വലിയൊരു മുതൽക്കൂട്ടാകും.

പ്രവാസികൾക്കിടയിൽ വിവിധ രംഗങ്ങളിൽ പ്രാവീണ്യം നേടിയവരുണ്ട്. ബിസിനെസ്സ്, സന്നദ്ധ സേവനം, ടെക്നോളജിക്കൽ ഇന്നോവേഷൻ, കല, മീഡിയ, എന്നീ വിഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭർക്കും പ്രതിഭകൾക്കും ഗ്ലോബൽ കോൺവെൻഷനിൽ വച്ച് അംഗീകാരം നൽകും. അംഗീകാരങ്ങൾക്ക് അർഹരായവരെ തെരഞ്ഞെടുക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പ്രവാസി വ്യവസായികൾക്കും നിക്ഷേപകർക്കുമായി പ്രത്യേക ചർച്ചകൾ ഉൾപ്പെടുത്തിയ ബിസിനസ് സമിറ്റ്, ആഗോളതലത്തിൽ വനിതകൾ നടത്തുന്ന മുന്നേറ്റവും സ്ത്രീകൾ നേരിടുന്ന വിഷയങ്ങളും ചർച്ച ചെയ്യുന്ന "എംപവർ ഹെർ" എന്ന പേരിൽ വനിതാ സമ്മേളനം, പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചർച്ച ചെയ്യുന്ന "വോയിസ് ഓഫ് പ്രവാസി" പ്രവാസി സമ്മിറ്റ്, കല സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതു സമ്മേളനം എന്നീ മുഖ്യ സെഷനുകൾ മൂന്നു ദിവസങ്ങളിലായി നടക്കും. പിന്നണി ഗായകർ നയിക്കുന്ന സംഗീതനിശ, ക്രൂയിസ് ഡിന്നർ, മണലാരണ്യത്തിലെ സാഹസികമായ ഡെസേർട്ട് സഫാരി തുടങ്ങി വൈവിധ്യമാർന്ന വിനോദ പരിപാടികളും അംഗങ്ങൾക്കായി ഒരുക്കിയിരിക്കുന്നതായി കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേലിനെ കൂടാതെ ഗ്ലോബൽ ട്രഷറർ ടോം ജേക്കബ്, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി റിജാസ് ഇബ്രാഹിം, ഗ്ലോബൽ ജോയിന്റ് ട്രഷറർ വി എം സിദ്ദിഖ്, മിഡിൽ ഈസ്റ്റ് മുൻ വൈസ് പ്രസിഡന്റും ബിസിനെസ്സ് ഓർഗനൈസിംഗ് കമ്മിറ്റി മെമ്പറുമായ ഇഷ ഖുറേഷി, ഗ്ലോബൽ പി ആർ ഓ നോവിൻ വാസുദേവ്, നാഷണൽ കൗൺസിൽ വൈസ് പ്രസിഡൻ്റ് ടി ബി നാസർ, കേരളം സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മരക്കാർ, റിയാദ് കൗൺസിൽ പ്രസിഡന്റ് കബീർ പട്ടാമ്പി എന്നിവർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com