ഓർമ കേരളോത്സവത്തിന് ദുബായിൽ തുടക്കം: ഉദ്ഘാടനം മുഖ്യമന്ത്രി

യുഎഇയുടെ 54ാമത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ഓർമയുടെ നേതൃത്വത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കേരളോത്സവം
ഓർമ കേരളോത്സവത്തിന് ദുബായിൽ തുടക്കം | Dubai Orma Keralaolsavam

പിണറായി വിജയൻ

Updated on

ദുബായ്: യുഎഇയുടെ 54ാമത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ഓർമയുടെ നേതൃത്വത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കേരളോത്സവം തിങ്കളാഴ്ച വൈകിട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, ഡോ. കെ.പി. ഹുസൈൻ, പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്റ്റർ എൻ.കെ. കുഞ്ഞഹമ്മദ്, നോർക്ക ഡയറക്റ്റർ ഒ.വി. മുസ്തഫ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടി.

കേരളോത്സവ ഭാഗമായി ഓർമ വാദ്യ സംഘം അവതരിപ്പിക്കുന്ന മേളവും, അഞ്ഞൂറോളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയും, സംഗീത പരിപാടിയുമുണ്ട്. യുവ ഗായകർ അണിനിരക്കുന്ന 'മസാല കോഫി ബാൻഡി'ന്‍റെ സംഗീത പരിപാടിയാണ് തിങ്കളാഴ്ചത്തെ മറ്റൊരു പ്രധാന ആകർഷണം.

വിധു പ്രതാപും രമ്യ നമ്പീശനും പങ്കെടുക്കുന്ന സംഗീത നിശ, രാജേഷ് ചേർത്തലയുടെ വാദ്യ മേള ഫ്യൂഷൻ എന്നിവ ചൊവ്വാഴ്ച അരങ്ങേറും. നൂറോളം വർണക്കുടകൾ ഉൾപ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവും ഇത്തവണ ശ്രദ്ധേയമാകും. ശിങ്കാരി മേളത്തിന്‍റെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷ യാത്രയിൽ പൂക്കാവടികൾ, തെയ്യം, കാവടിയാട്ടം, നാടൻ പാട്ട് തുടങ്ങിയ കലാരൂപങ്ങൾ വർണ വിസമയമൊരുക്കും.

തെരുവു നാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗം കളി, കോൽക്കളി, പൂരക്കളി സംഗീത ശില്പം, സൈക്കിൾ യജ്ഞം തുടങ്ങിയ നിരവധി നാടൻ കലാരൂപങ്ങളും ഉണ്ടാകും. കേരളത്തിന്‍റെ തനത് നാടൻ രുചി വിഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകൾ, തട്ടുകടകൾ തുടങ്ങിയ മലയാളത്തനിമയെയും സംസ്കൃതിയെയും ഇഴ ചേർത്ത് ഒരുക്കുന്ന കേരളോത്സവം പ്രവാസത്തിലെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി വ്യത്യസ്ത അനുഭവമാക്കി മാറ്റും.

ഉത്സവ നഗരിയിലെ സാഹിത്യ സദസ്സിനോടനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, പുസ്തക ശാല, കവിയരങ്ങ്, പ്രശ്നോത്തരികൾ, യു.എ.ഇയിലെ പ്രശസ്ത ചിത്രകാരന്മാരുടെ തൽസമയ പെയിന്‍റിങ്, എന്നിവ പുത്തൻ അനുഭവങ്ങൾ പകരും.

ദുബായിലെ മലയാളം മിഷനിലൂടെ അക്ഷരം പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സർഗ വാസനകൾ പ്രദർശിപ്പിക്കാനുള്ള അവസരവും, പുതുതായി മലയാളം മിഷനിൽ ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുള്ള രജിസ്ട്രേഷൻ സൗകര്യവും, പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയാനും പങ്കാളികളാകാനുമായി നോർക്ക, പ്രവാസി ക്ഷേമ നിധി, നോർക്ക കെയർ ഇൻഷുറൻസ്‌ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും, കെ.എസ്.എഫ്.ഇ സ്റ്റാളും ഉത്സവപ്പറമ്പിൽ ഒരുക്കുന്നതാണ്. കേരളോത്സവത്തിന് പ്രവേശനം സൗജന്യമായിരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com