ആരോഗ്യപ്രവർത്തകർക്ക് 37 കോടി രൂപയുടെ സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

പ്രഖ്യാപനം ബുർജീൽ വാർഷിക ടൗൺ ഹാൾ യോഗത്തിൽ
dr shamsher vayalil

ഡോ. ഷംഷീർ വയലിൽ.

Updated on

അബുദാബി: ആരോഗ്യപ്രവർത്തകർക്ക് 15 മില്യൺ ദിർഹത്തിന്‍റെ (37 കോടി രൂപ) സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് മെന മേഖലയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്‌സ്.

ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപക ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ അബുദാബിയിലെ ഇത്തിഹാദ് അരീനയിൽ ഗ്രൂപ്പിന്‍റെ വാർഷിക ടൗൺ ഹാൾ യോഗത്തിൽ 8,500-ത്തിലധികം ജീവനക്കാരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. ബുർജീൽ ഹോൾഡിങ്‌സ് 'ബുർജീൽ 2.0' എന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ബുർജീൽ പ്രൗഡ് ഇനീഷ്യറ്റിവിന്‍റെ ഭാഗമായാണ് അംഗീകാരം.

ഗ്രൂപ്പിന്‍റെ വിവിധ സ്ഥാപനങ്ങളിൽ നഴ്സിങ്, രോഗീ പരിചരണം, ഓപ്പറേഷൻസ്, അനുബന്ധ സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10,000 ആരോഗ്യപ്രവർത്തകർക്ക് ആനുകൂല്യം ലഭിക്കും. അർഹരായ ജീവനക്കാർക്ക് അവരുടെ ജോലിയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തെയോ പകുതി മാസത്തെയോ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക നൽകും.

"ആരോഗ്യ പ്രവർത്തകരാണ് രോഗികളുമായി ഏറ്റവും അടുത്ത് ഇടപഴകുകയും, സമ്മർദ്ദങ്ങൾക്ക് നടുവിലും മാനദണ്ഡങ്ങൾ അനുസരിച്ച് പ്രശ്നങ്ങൾ തത്സമയം പരിഹരിക്കുകയും ചെയ്യുന്നത്. അവരോടുള്ള നന്ദിയും വിശ്വാസവും പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരം," ഡോ. ഷംഷീർ പറഞ്ഞു.

യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ബുർജീൽ ഹോൾഡിങ്‌സിന് 14,000-ത്തിലധികം ജീവനക്കാരാണുള്ളത്.

ബുർജീൽ ഹോൾഡിങ്‌സിന്‍റെ അടുത്ത പത്ത് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയും സമ്മേളനത്തിൽ ഡോ. ഷംഷീർ വിശദീകരിച്ചു. ചികിത്സാ മികവ്, ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, രോഗീ പരിചരണം എന്നിവയിലൂന്നിയുള്ള വളർച്ചയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ഇതിന്‍റെ ഭാഗമായി ഗ്രൂപ്പിന്‍റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റിയെ (ബിഎംസി) 2030 -ഓടെ ഒരു നെക്സ്റ്റ് ജനറേഷൻ മെഡിക്കൽ സിറ്റി എക്കോസിസ്റ്റം ആക്കി മാറ്റാനുള്ള പദ്ധതി ഡോ. ഷംഷീർ അവതരിപ്പിച്ചു. വരും വർഷങ്ങളിൽ പരമ്പരാഗത ആശുപത്രി മാതൃകയിൽ നിന്നും വ്യത്യസ്തമായി സാങ്കേതിക വിദ്യ, സങ്കീർണ പരിചരണം, ആരോഗ്യ വിദ്യാഭ്യാസം, പുനരധിവാസം, ദൈനംദിന ജീവിതത്തിന്‍റെ സൗകര്യങ്ങൾ എന്നിവയെല്ലാമുൾപ്പെടുന്ന സംയോജിത ആരോഗ്യ പരിചരണ ആവാസവ്യവസ്ഥയായി ബിഎംസി വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com