
ദുബായിലെ ജല ഗതാഗത കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം: രണ്ടാം ഘട്ടത്തിനു തുടക്കം
ദുബായ്: ദുബായിലെ ജല ഗതാഗത സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. അൽ ഫഹീദി, ബനിയാസ്, അൽ സീഫ്, ഷെയ്ഖ് സായിദ് റോഡ്, ബ്ലൂ വാട്ടേഴ്‌സ് എന്നീ അഞ്ച് പ്രധാന സ്റ്റേഷനുകളാണ് ഈ ഘട്ടത്തിൽ നവീകരിക്കുന്നതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു.
പുതിയ ശീതീകരണ സംവിധാനം, നിശ്ചയ ദാർഢ്യക്കാർക്ക് വേണ്ടിയുള്ള പ്രത്യേക സൗകര്യം , ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായുള്ള നവീകരണം എന്നിവ ഈ വികസനത്തിൽ ഉൾപ്പെടുന്നു. മരം കൊണ്ട് നിർമിച്ച ദുബായുടെ പരമ്പരാഗത അബ്രകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പുതിയ ഡിസൈനുകൾ എമിറേറ്റിന്‍റെ സമ്പന്നമായ സമുദ്ര പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു.
സമുദ്ര ഗതാഗത ശൃംഖലയുടെ ഗുണനിലവാരം ഉയർത്താനുമുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് ആർ.ടി.എ പൊതുഗതാഗത ഏജൻസിയിലെ സമുദ്ര ഗതാഗത വിഭാഗം മേധാവി ഖലഫ് ബിൽഗുസൂസ് അൽ സറൂനി പറഞ്ഞു. ബസുകൾ, മെട്രോ സ്റ്റേഷനുകൾ, ട്രാം നെറ്റ്‌വർക്ക് പോലുള്ള മറ്റ് പൊതുഗതാഗത മാർഗങ്ങളുമായി സ്റ്റേഷനുകളെ സംയോജിപ്പിക്കും. നിരീക്ഷണ ക്യാമറകൾ, അത്യാധുനിക ഫയർ അലാം തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങൾ ഈ വികസനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.