പൊതുജനങ്ങൾക്കും സർവേയിൽ പങ്കെടുക്കാം.
ദുബായ്: വിസ, താമസാനുമതി, പ്രവേശനാനുമതി ഉൾപ്പെടെയുള്ള സേവനങ്ങൾ കൂടുതൽ ലളിതവും സുഗമവും പൊതുജന സൗഹൃദവുമാക്കുന്നതിനുള്ള ജിഡിആർഎഫ്എ–ദുബായുടെ ഇൻസ്റ്റിറ്റ്യൂഷണൽ റെപ്യൂട്ടേഷൻ സർവേ പുരോഗമിക്കുന്നു. സേവനങ്ങൾ നേരിട്ട് ഉപയോഗിക്കുന്നവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും മനസിലാക്കി സേവനം മെച്ചപ്പെടുത്തുക എന്നതാണ് സർവേയുടെ ലക്ഷ്യം.
ജനറൽ ഡയറക്റ്ററേറ്റ് ഫോർ ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബായ് നടത്തുന്ന, ഒരു മിനിറ്റ് സമയം മാത്രമെടുക്കുന്ന സർവേയിൽ പൊതുജനങ്ങൾക്ക് പങ്കാളികളാകാം. അറബിയിലും ഇംഗ്ലിഷിലും സർവേ ലഭ്യമാണ്.
ദുബായിൽ താമസിക്കുന്നവരും സന്ദർശകരും വിവിധ ഘട്ടങ്ങളിൽ ആശ്രയിക്കുന്ന പ്രധാന സർക്കാർ സേവനങ്ങളാണ് വിസ, താമസാനുമതി, പ്രവേശനാനുമതി എന്നിവ. ഈ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ എന്താണ് ഏറ്റവും സൗകര്യപ്രദമായി അനുഭവപ്പെട്ടത്, ഏതൊക്കെ നടപടിക്രമങ്ങളിലാണ് കൂടുതൽ ലളിതവൽക്കരണം വേണ്ടത്, സേവനാനുഭവം എങ്ങനെ കൂടുതൽ മികച്ചതാക്കാം തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള അഭിപ്രായത്തിനാണ് സർവേ പ്രാധാന്യം നൽകുന്നത്.
പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കാനും ഉപയോക്താക്കളുടെ മാറുന്ന ആവശ്യങ്ങളും പ്രതീക്ഷകളും മനസിലാക്കാനും സഹായകമാകും.
സർവേയിൽ പങ്കെടുക്കുന്നവരുടെ വ്യക്തിഗതവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ സംരക്ഷിക്കുമെന്ന് ജിഡിആർഎഫ്എ–ദുബായ് അറിയിച്ചു.
ബ്രോഷറിലുള്ള QR കോഡ് സ്കാൻ ചെയ്തോ, നൽകിയിരിക്കുന്ന ലിങ്ക് വഴിയോ സർവേയിൽ പങ്കെടുക്കാം.